തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരള നേതാക്കള്‍

ജൂണ്‍ 30-ന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് ജൂണ്‍ മുപ്പതിനകം നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം സംസ്ഥാനത്തെ ഗ്രൂപ്പ് നേതൃസമവാക്യങ്ങളിലും മാറ്റമുണ്ടാക്കും.

ഡി.സി.സി അധ്യക്ഷന്‍മാരുടെ പുനസംഘടനയില്‍നിന്ന് എ ഗ്രൂപ്പ് പ്രതിനിധികള്‍ ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം ശക്തമാക്കുകയും നേതൃത്വത്തിനെതിരെ ്കലാപക്കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു. വി.എം സുധീരനൊപ്പം വേദി പങ്കിടേണ്ടി വരുന്ന പരിപാടികളില്‍നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പാര്‍ട്ടി വേദികളില്‍ സജീവമാകാന്‍ അടുത്തിടെ അദ്ദേഹം തയാറായത്.

സംസ്ഥാനത്ത് സംഘടന തെരഞ്ഞെടുപ്പ് അടിയന്തിരമായ നടത്തണമെന്നതാണ് എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും എക്കാലത്തെയും ആവശ്യം. ഇതിനിടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ജൂലൈ പതിനഞ്ചിനകം ഭാരവാഹിപട്ടിക സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനതലത്തിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് നടത്തിയാലെ അഖിലേന്ത്യാ തലത്തിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭാരവാഹിപ്പട്ടിക സമര്‍പ്പിക്കാനാകൂ. നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയെന്ന് പ്രഖ്യാപിച്ച് ഭാരവാഹിപ്പട്ടിക നല്‍കാമെങ്കിലും പരാതികളുയര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടേണ്ടിവരും. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംഘടന തെരഞ്ഞെടുപ്പ് ഭാഗികമായെങ്കിലും നടത്താന്‍ അഖിലേന്ത്യാ നേതൃത്വം തയാറാകുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ് നേതാക്കള്‍.

തെരഞ്ഞെടുപ്പിലൂടെ മേല്‍ക്കൈ നേടാനാകുമെന്ന വിലയിരുത്തലാണ് സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യത്തിലേക്ക് എ ഗ്രൂപ്പിനെ എത്തിച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത്‌നിന്ന് വി.എം സുധീരന്‍ മാറ്റപ്പെടുമെന്നതിനാല്‍ ഐ ഗ്രൂപ്പും സംഘടന തെരഞ്ഞെടുപ്പിന് അനുകൂലമാണ്. എന്നാല്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പികളാണ് ഐ ഗ്രൂപ്പ് നേതൃത്വത്തെ വലയ്ക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയാണ് ഗ്രൂപ്പ് നേതാവെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാത്ത നേതാക്കളാണ് ഏറെയും. ഈ സാഹചര്യത്തില്‍ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഐ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ് നേതൃത്വം. ഏതായാലും നിലവിലെ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍.