വരിയുടച്ച് അച്ചടക്കം പഠിപ്പിക്കുന്ന സ്വാശ്രയ കോളേജുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളോ

കേരളത്തിലെ സ്വാശൃയ മാനേജ്മെന്റ് കോളേജുകളില്‍ നടക്കുന്നതെന്താണ് ഇപ്പോഴെല്ലാവരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാകും. പൊതുജനം അകക്കണ്ണ് തുറന്ന് ചിന്തിക്കാന്‍ ജിഷ്ണുവിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വന്നെന്ന് മാത്രം .പീഡനം നടത്തുന്ന മാനേജുമെന്റുകള്‍ക്കെതിരായ പ്രതിഷേധത്തിന്റെ അലയൊലികള്‍ കേരളത്തില്‍ ആഞ്ഞടിച്ച് തുടങ്ങി.ഇന്നത് നെഹ്റുവില്‍ തുടങ്ങി ടോംസില്‍ അത് എത്തി നില്‍ക്കുന്നു

153 എണ്ണം ഉണ്ട് കേരളത്തില്‍ സ്വാശൃയ കോളേജുകള്‍ .എല്ലാം ഒരേ തൂവല്‍ പക്ഷികള്‍, വിദ്യാര്‍ത്ഥി പീഡനത്തില്‍ ഒന്നിനൊന്ന് മെച്ചം . പണം നല്‍കി കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലാണ് പല രക്ഷിതാക്കളും .തങ്ങളുടെ മക്കളെ എങ്ങനെയെങ്കിലും എഞ്ചിനിയറോ ഡോക്ട്ടറോ ആക്കണം . ചിലപ്പോള്‍ നിര്‍ബന്ധം മക്കള്‍ക്കും ആകാം . വീടിന്റെ ആധാരം പണയം വെച്ചും റോക്കറ്റ് പലിശക്ക് കടം വാങ്ങിയും കോളേജ് ഫീസ് അടക്കാനുള്ള തുക ഒപ്പിക്കുന്നു. എങ്ങനെയങ്കിലും വിദ്യാര്‍ത്ഥിയെ ചാക്കിട്ട് പിടിക്കാനായി മനം മയക്കുന്ന മോഹന വാഗ്ദാനങ്ങളാണ് ആ സമയത്ത് കോളേജുകള്‍ നല്‍കുക.

പറഞ്ഞ് കേട്ട കഥകളിലെ മോഹരൂപിയെപോലെ, പണ്ട് നാവികര്‍ കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ മോഹരൂപികള്‍ പ്രത്യക്ഷപ്പെടുമത്രെ കാണുവാന്‍ ആതിമനോഹരികളായ അവര്‍ വശീകരിക്കുന്ന രീതിയില്‍ പാട്ട് പാടും .അത് കേട്ട് ആങ്ങോട്ട് കപ്പലടുപ്പിച്ചാല്‍ അവ വിശ്വരൂപം പുറത്ത് പുറത്ത്കാണിച്ച് നാവികരെ ഭക്ഷണത്തിന് ഇരയാക്കും .

ചിത്ര ശലഭങ്ങളായി കുട്ടികള്‍ പാറിപ്പറക്കേണ്ട് കലാലയ ജീവിതകാലത്ത് അച്ചടക്കം പഠിപ്പിക്കാനായി വരിയുടച്ച് മൂലക്കിരുത്തലാണ് മാനേജുമെന്റുകള്‍ ചെയ്യുന്നത് . പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഷണ്ഠന്‍മാരെയാണ് ഇവടെ സൃഷ്ട്ടിക്കപ്പെടുന്നത് .വിദ്യാത്ഥികളുടെ പണം വാങ്ങി തങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യപ്പെടരുത് അതുതന്നെയാണ് കാരണം .

വഴിയരുകില്‍ തട്ടുകടകള്‍ തുടങ്ങുന്ന ലാഘവത്തോടെയാണ് സ്വാശൃയ മാനേജ്മെന്റ് കോളേജുകള്‍ പടുത്തുയര്‍ത്തുന്നത് . കാലങ്ങള്‍കൊണ്ട് ഇവിടെ രൂപികൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തെ വെറും കച്ചവടച്ചരക്കാക്കി മാറ്റുക തന്നെയാണ് സ്വാശൃയ കോളേജുകള്‍ ചെയ്തത് .ഗള്‍ഫില്‍ പെട്ടി ചുമക്കാന്‍ പോയവനും വഴിയരുകില്‍ കപ്പലണ്ടി വിറ്റിരുന്നവരുമൊക്കെ കാശുകാരായപ്പോള്‍ സ്വന്തമായി കൊളേജുകള്‍ തുടങ്ങി . ഇവരില്‍ നിന്നുമൊക്കെ ഇക്കാണുന്നതല്ലാതെ വേറെ എന്താണു ഹേ പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചാല്‍ മറുപടി ഇല്ല.ഉദാത്ത ആശയങ്ങള്‍ പറയുന്നവരും മറിച്ചല്ല , ദൈവത്തിന്റെ കുഞ്ഞാടുകള്‍ മുതല്‍ നായര്‍ മുതല്‍ നായാടി വരെയുള്ള കൂട്ടായ്മ തുടങ്ങുന്ന സ്ഥാപനങ്ങിലും കഥ ഇതൊക്കെത്തന്നെ .

നിലവാരമില്ലാത്ത സ്വാശൃയ കോളേജുകളില്‍ നിന്നും അടവെച്ചിറക്കുന്ന എഞ്ചിനിയറിങ്ങ് കുഞ്ഞുങ്ങള്‍ക്ക് ഇവിടെ തോഴില്‍ ഇല്ല എന്നതാണ് നഗ്ന സത്യം . ഇത്തരം കോളേജുകളില്‍ പഠിച്ചിറങ്ങുന്നവരെ ജോലിക്കെടുക്കാനായി കമ്പനികള്‍ മടിക്കുന്നു .ക്യാമ്പസ് റികൃൂട്ടുമെന്റുകള്‍ എന്ന പേരില്‍ ഈ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില തട്ടിക്കൂട്ട് പരിപാടികള്‍ ഒപ്പിക്കുന്നു എന്ന് മാത്രം .ഇവിടെ പഠിച്ചിറങ്ങുന്നവര്‍ തന്നയാണ് വേറെ തൊഴില്‍ ഒന്നും കിട്ടാതെ വരുമ്പോള്‍ അധ്യാപകരായി എത്തുന്നത് അവരുടെ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം മികവ് പുലര്‍ത്തും എന്ന് പറയേണ്ടല്ലോ.

2001 മുതലാണ് കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ സജീവമാകുന്നത്. എന്നുവെച്ചാല്‍ പെട്ടികടപോലെ തുടങ്ങുന്നത്. അന്ന് ആന്റണി സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളുടെ എന്‍ഒസി വിഷയത്തില്‍ ലിബറലായ തീരുമാനം എന്ന നയമാണ് മുന്നോട്ട് വെച്ചത്. അതായത് ആര് അപേക്ഷിച്ചാലും അനുമതി എന്ന സ്ഥിതി. പിന്നീട് വന്ന വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറും ഉമ്മന്‍ചാണ്ടി സര്‍ക്കാറും ഈ നയം തന്നെ പിന്‍ തുടര്‍ന്നു. ഇതിന്റെ ഫലമാണ് സംസ്ഥാനത്തെ 153 സ്വാശ്രയ കോളേജുകള്‍. ഇത് ആരുടെയൊക്കെ ഉടമസ്ഥതയിലാണ് എന്നത് പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. കള്ള് കച്ചവടക്കാരും ബ്ലേഡ് ബാങ്ക് നടത്തുന്നവരും പിന്നെ മതത്തിന്റെയും ജാതിയുടേയും പേരില്‍ കോളേജ് സംഘടിപ്പിച്ചവരും. പ്ലബിങ്ങ് ലൈസന്‍സെടുക്കാന്‍ ആ പണി അറിയണം,എന്നാല്‍ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങാാന്‍ ഒന്നും വേണ്ട.എന്തിന് പ്രഥമിക വിദ്യാഭ്യാസം പോലും വേണമെന്നില്ല. ഇതല്ലെ ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇത്തരം കോളേജുകള്‍ തലവരി പണം വാങ്ങി കുട്ടികളെ ചേര്‍ക്കുന്നു. ഇതില്‍ എത്രപേര്‍ പാസാകുന്നുണ്ട്. എത്രപേര്‍ കോഴ്സ് പകുതി വഴിയില്‍ ഉപേക്ഷിക്കുന്നുണ്ട്.എത്രപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. പരിശോധിക്കേണ്ടകാര്യമാണ്. അയലത്തെ കുട്ടി എഞ്ചിനീയറിങ്ങ് ചെയ്യുമ്പോള്‍ തങ്ങളുടെ മക്കളും അത് പഠിക്കണം. ഈ രക്ഷിതാക്കളുടെ ചിന്താഗതിയും മാറണം. കുട്ടികളെ അവരുടെ ഇഷ്ടത്തിനുസരിച്ച് പഠിക്കാനുള്ള അവസരം നല്‍കണം. പണം നല്‍കി വാങ്ങുന്ന സീറ്റില്‍ കുട്ടികളെ നിര്‍ബിന്ധിച്ച് ചേര്‍ക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ സ്വപ്നങ്ങളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ ജീവനും.

പണം അടിച്ചുമാറ്റുക എന്നതല്ലാതെ സ്വാശൃയ മാനേജ്മെന്റ് കോളേജുകള്‍ക്ക് യാതൊരു വിധത്തിലും ഉള്ള ധാര്‍മികതയും തൊട്ട് തീണ്ടിയിട്ടില്ല.വെളിപ്പെട്ട സത്യങ്ങള്‍ എത്രയോ ചെറുത് ഇനി വരുന്നത് ഇതിലും വലിയവ ആയിരിക്കാം. സ്വാശ്രയ കോളേജുകള്‍ തുടങ്ങി പതിനഞ്ചു വര്‍ഷമെടുത്തു ഇവരെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്ന് ഭരണകൂടം മനസ്സിലാക്കാന്‍. ഇപ്പോള്‍ ഓബുഡ്സ്മാന്‍ വരുന്നു. നല്ലതു തന്നെ ഇത് നേരത്തെ ചെയ്യാനുള്ള ദീര്‍ഘവീക്ഷണം നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി. അതുകൊണ്ടാണെല്ലോ കഷ്ടിച്ച് 50 കോളേജുകള്‍ മാത്രം ആവശ്യമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ ഇത്രയും കോളേജുകള്ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തിനുണ്ടായത് സമീപഭാവിയില്‍ തന്നെ മെഡിക്കല്‍ മേഖലയിലും ഉണ്ടാകാം.

ജിഷ്ണു എന്ന മിടുക്കനേയോ നമുക്ക് നഷ്ടപ്പെട്ടു. ഇനി വരുന്ന തലമുറയെങ്കിലും രക്ഷിക്കേണ്ട ബാധ്യത നമുക്ക് ഉണ്ട്. ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ മാനേജ്മെന്റുകള്‍ ഇപ്പോഴത്തെ രീതികള്‍ തന്നെ തുടരുമെന്നുറപ്പാണ്. അത് തടയണം. തിരുത്തണം.