ഫെഡറല്‍ ബാങ്കും അശോക് ലെയ്ലാന്‍ഡും കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ആശോക് ലെയ്ലാന്‍ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഹര്‍ഷ് ദുഗറും അശോക് ലെയ്ലാന്‍ഡ് ഹോള്‍ ടൈം ഡയറക്ടറും സി.എഫ്.ഒയുമായ ഗോപാല്‍ മഹാദേവനും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബി.എസ്.6 വാഹനശ്രേണിയുമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ് .

ലളിതമായ മാസതവണകളില്‍ തിരിച്ചടയ്ക്കാവുന്ന വാണിജ്യ വാഹനവായ്പ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ ഇടപാടുകാര്‍ക്ക്  ലഭ്യമാവുന്നു എന്നതു കൂടാതെ   ഫെഡറല്‍ ബാങ്കിന്‍റെ സാങ്കേതികവിദ്യാ മികവുകളും സേവനങ്ങളും അശോക് ലെയ്ലന്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാനും ഈ സഹകരണത്തിലൂടെ വഴിയൊരുങ്ങുന്നു.

വാണിജ്യ വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്കായി പ്രത്യേകം സജ്ജരായ റിലേഷന്‍ഷിപ്പ് മാനേജര്‍മാരുടെ സേവനം രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാണ്. ആകര്‍ഷകമായ പദ്ധതികളിലൂടെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സേവനങ്ങള്‍ വേഗത്തില്‍ നല്‍കാനാണ് ഞങ്ങള്‍ എപ്പോഴും പരിശ്രമിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ അശോക്  ലെയ്ലാന്‍ഡിന്‍റെ   ഉപഭോക്താക്കളിലേക്കും ഡീലര്‍മാരിലേക്കും ബാങ്കിന്‍റെ ശാഖകളിലേയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേയും സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കാനാവുന്നതാണ്- ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ  ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍  അവതരിപ്പിക്കാന്‍ സാധിക്കുമെന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗോപാല്‍ മഹാദേവന്‍ പറഞ്ഞു. വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഈ സഹകരണം കമ്പനിക്ക് സഹായകമാകും. മികച്ച നിലവാരത്തിലുള്ള സാങ്കേതികവൈവിധ്യങ്ങളോടെയാണ് അശോക് ലെയ്ലാന്‍ഡിന്‍റെ    ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് എന്നതിനാല്‍  ചെലവു കുറയ്ക്കാനും അതിലൂടെ ലാഭം കൂട്ടാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. ഭാവി മുന്നില്‍ കണ്ടുകൊണ്ട് വാഹനരംഗത്ത് അശോക് ലെയ്ലന്‍ഡ് അവതരിപ്പിക്കുന്ന സാങ്കേതിക മികവുകള്‍ നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ വിജയം എന്ന   വാഗ്ദാനത്തെ  അടിവരയിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു