‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.

തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്ററും നാരദ ന്യൂസ് ഉടമയുമായ മാത്യുസാമുവലിന്‍റെ തട്ടിപ്പുകളെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തകന്‍ എഴുതിയ ബ്ലോഗ് ചര്‍ച്ചയാകുന്നു 

മാധ്യമ സ്വാതന്ത്ര്യം സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്യുസാമുവല്‍ ബലികഴിച്ചതായി അങ്കുഷ് വാട്സ് 

തെഹല്‍ക്കയിലെ തൊഴിലാളികളെ വ്യാജ ഉറപ്പ് നല്‍കി വഞ്ചിച്ചതായും അങ്കുഷിന്‍െറ ആരോപണം

സ്റ്റിംഗ് ഓപറേഷനുകള്‍ നടത്തിയ ശേഷം മുക്കുകയായിരുന്നു പതിവെന്ന് അങ്കുഷ് ആരോപിക്കുന്നു 

 

ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ അപ്പോസ്‌തലന്‍ എന്നൊക്കെ സ്വയം വാഴ്ത്തി നടക്കുന്ന മാത്യു സാമുവേലിന്റെ ഈ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചത് തെഹല്‍ക്കയിലെ മുന്‍ ജേര്‍ണലിസ്റ്റായ അങ്കുഷ് വാട്‌സാണ്. അങ്കൂഷ് തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

” പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാത്യുസാമുവല്‍ നാരദ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടിരുന്നു. മാത്യു സാമുവല്‍ നേരത്തെ ജോലി ചെയ്തിരുന്ന തെഹല്‍ക്ക മാഗസിന്റെ ഉടമസ്ഥന്‍ കെ.ഡി. സിംഗ് തൃണമൂലിന്റെ രാജ്യസഭാ എം.പിയാണ്. തെഹല്‍ക്കയുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിച്ചാണ് മാത്യു ഈ ഓപ്പറേഷന്‍ നടത്തിയെന്ന് വിശ്വസിക്കുന്നു.

ഞാന്‍ മാത്യുസാമുവേലിനൊപ്പം തെഹല്‍ക്കയില്‍ ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം ഞാന്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത കാലത്തെ പല സംഭവങ്ങളും മാധ്യമപ്രവര്‍ത്തനത്തിന് ചേരുന്നവ ആയിരുന്നില്ല. പലപ്പോഴും മാധ്യമസ്വാതന്ത്ര്യം സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി ബലി കഴിക്കുന്നത് കണ്ടിട്ടുണ്ട്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുന്നതായി എഡിറ്റോറിയല്‍ മീറ്റിംഗില്‍ മാത്യു പ്രഖ്യാപിച്ചിരുന്നു.

പിന്നീട് വന്ന പല എഡിറ്റോറിയല്‍ മീറ്റിംഗുകളിലും ഇക്കാര്യം പറഞ്ഞിരുന്നു. വന്‍കിട നേതാക്കള്‍ ഉള്‍പ്പെട്ട ഈ ടേപ്പുകള്‍ ഉടനെ പുറത്തുവിടുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നീട് ഇതിനെക്കുറിച്ച് സംസാരിക്കാതായി. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ സ്വയം വിലയിരുത്തുക. ഈ ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്തവരും ഈ ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന് വിശ്വസിച്ചു. എന്നാല്‍ യാതൊരു കാരണവും പറയാതെ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും അദ്ദേഹം കുഴിച്ചുമൂടി. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ച ബ്യൂറോ ചീഫിനെ മാത്യു പിരിച്ചു വിട്ടു.

ജാര്‍ഖണ്ഡിലെ കല്‍ക്കരി മാഫിയായെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ പോയ എന്റെ മറ്റൊരു സുഹൃത്തിനും സമാനമായ അനുഭവമുണ്ടായി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടതായിരുന്നു ആ കുംഭകോണം. എന്റെ സഹപ്രവര്‍ത്തകന്‍ ആ ന്യൂസ് സ്റ്റോറി ഫയല്‍ ചെയ്‌തെങ്കിലും മാത്യു സാമുവല്‍ അത് ഒരു മാസത്തേയ്ക്ക് പിടിച്ചുവെച്ചു. പക്ഷേ അതും വെളിച്ചം കണ്ടില്ല. എന്തോ ചില രേഖകള്‍ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞാണ് ഈ ദൃശ്യങ്ങളും റിപ്പോര്‍ട്ടും മാത്യു പിടിച്ചുവെച്ചത്.

എനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായി. ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ അനധികൃതമായി റബര്‍ കൃഷി നടത്തുന്നവരെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് തന്നെ അയച്ചതെന്ന് അങ്കുഷ് ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവിടെയുള്ള നാട്ടുകാരുമായി സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ആ റിപ്പോര്‍ട്ടും രണ്ടാഴ്ച പിടിച്ചുവെച്ചു. അവിടെ നിന്ന് ചില രേഖകള്‍ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞാണ് മാത്യുസാമുവല്‍ വാര്‍ത്ത പിടിച്ചുവെച്ചത്. കുറേ ദിവസങ്ങള്‍ക്ക് ശേഷം ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു. തന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ച് വ്യക്തികളെയോ കമ്പനികളെയോ കുറ്റപ്പെടുത്തിയിരുന്നില്ല. അവിടെ നിരവധി കമ്പനികള്‍ റബര്‍ കൃഷി നടത്തുന്നുണ്ടായിരുന്നു.

മാത്യുസാമുവല്‍ അവകാശപ്പെട്ടതു പോലെ യാതൊരു രേഖയും അദ്ദേഹത്തിന് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ പ്രദേശത്തുള്ള ഒരാളുടെ ഫോണ്‍ നമ്പര്‍ പോലും തനിക്ക് അദ്ദേഹം നല്‍കിയിരുന്നില്ല. തെഹല്‍ക്കയില്‍ ഇതുപോലെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മാത്യുസാമുവല്‍ തെഹല്‍ക്ക വിട്ടു പോയതിന്റെ പിന്നിലും ചില ദുരൂഹതകളുണ്ട്. കെ.ഡി. സിംഗുമായി ചേര്‍ന്ന് പുതിയൊരു ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുമെന്നായിരുന്നു തങ്ങളോട് പറഞ്ഞത്. ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പരാധീനതയിലായിരുന്നു തെഹല്‍ക്കയെന്നാണ് ജീവനക്കാരോട് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മാത്യു തെഹല്‍ക്ക വിടുന്നത്. അദ്ദേഹം തുടങ്ങുന്ന പുതിയ ന്യൂസ് പോര്‍ട്ടല്‍ തെഹല്‍ക്കയുടെ സഹോദര സ്ഥാപനമെന്നാണ് പറഞ്ഞിരുന്നത്. പുതിയ സ്ഥാപനത്തില്‍ നിന്നുണ്ടാകുന്ന ലാഭവിഹിതം ഉപയോഗിച്ച് കടക്കെണിയിലായ തെഹല്‍ക്കയെ രക്ഷിക്കുമെന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഖേദകരമെന്നു പറയട്ടെ ഓഫീസ് ജീവനക്കാര്‍ ഇയാളെ അന്ധമായി വിശ്വസിച്ചു. ഇങ്ങനെ കൂടെ ജോലി ചെയ്യുന്നവരെയും പുറത്തുള്ളവരെയും തരാതരം പോലെ കബളിപ്പിക്കുന്ന വ്യക്തിത്വമാണ് മാത്യുസാമുവലിന്റേതെന്ന് വളരെ താമസിച്ചാണ് ജീവനക്കാര്‍ മനസ്സിലാക്കിയത്.

ഓഫീസിലെ അദ്ദേഹത്തിന്റെ രണ്ടുമൂന്ന് ശിങ്കിടികള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ ഓഫീസില്‍ വരുകയും അദ്ദേഹത്തോടൊപ്പം പോവുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇവരുടെ ജോലിയെന്താണെന്ന് ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു. ആരോടും ഇതേക്കുറിച്ചൊന്നും പറഞ്ഞിട്ടുമില്ല. അവര്‍ തെഹല്‍ക്കയില്‍ നിന്ന് ശമ്പളം പറ്റുന്നവരായിരുന്നു. മാത്യുസാമുവലിന് മദ്യവും ഭക്ഷണവും വാങ്ങി കൊടുക്കുന്ന ജോലി മാത്രമാണ് ഇവര്‍ ചെയ്തിരുന്നത്.

ഇങ്ങനെ മാത്യു സാമുവലിന്റെ മാധ്യമപ്രവര്‍ത്തനത്തിലെ ഇരുണ്ട നാളുകളെക്കുറിച്ചുള്ള നിരവധി കഥകള്‍ ഡല്‍ഹിയിലും മറ്റും പരക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ബ്ലാക്ക് മെയിലിംഗിന് ഉപയോഗിച്ചതിന്റെ കഥകളാണ് പരക്കെ പറഞ്ഞു കേള്‍ക്കുന്നത്.

നാരദന്യൂസ് ബംഗാളില്‍ നടത്തിയ സ്റ്റിംഗ് ഓപറേഷനെക്കുറിച്ച് ടൈംസ് നൗ ചാനലില്‍ അങ്കുഷ് വാട്സും മാത്യു സാമുവലും പങ്കെടുത്ത ചര്‍ച്ചയുടെ വീഡിയോ താഴെ ചേര്‍ക്കുന്നു –

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും