മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞ് ബീഹാര്‍ മുന്‍ എം.പിയെ ഭീഷണപ്പെടുത്തി പണംതട്ടാന്‍ ശ്രമം: അന്വേഷണം ഊര്‍ജിതമാക്കി കൊല്‍ക്കത്ത പോലീസ്

മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരില്‍ ബീഹാര്‍ മുന്‍ എം.പിയെ ഫോണില്‍ ഭീഷണിപ്പെടുത്തി അഞ്ച് കോടിരൂപ ആവശ്യപ്പെട്ട യുവാവിന് പിന്നില്‍ ആര്?? കൊല്‍ക്കത്ത പോലീസിന്റെ അന്വേഷണം നീളുന്നത്‌ നാരദയുടെ ഉടമയും തെഹല്‍ക്കയുടെ മുന്‍ എംഡിയുമായ മാത്യു സാമുവലിലേക്കെന്ന് സൂചന. ഇതോടെ തനിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് വിശദീകരിച്ച് നാരദ അധികൃതരും രംഗത്തുവന്നു. ഇതോടെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനേയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തിനൊപ്പം മറ്റൊരു വിവാദവും മാത്യുസാമുവലിനെ തേടിയെത്തുകയാണ്. സ്ത്രീയെ ഉപയോഗിച്ച് പ്രമുഖരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മാത്യു സാമുവല്‍ ശ്രമിച്ചെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍.

കൊല്‍ക്കത്താ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് ഭീഷണി സന്ദേശം കേട്ടതായി മൊഴി നല്‍കിയതെന്നും കൊല്‍ക്കത്ത മധ്യ മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് ചതുര്‍വേതി പറയുന്നു. ബിഹാറില്‍ നിന്നുള്ള വിക്രം സിങ്ങ് എന്ന പേരിലാണ് ഈ മുറി ബുക്ക് ചെയ്തിരുന്നത്. റൂം ബുക്ക് ചെയ്തപ്പോള്‍ ഇയാള്‍ നല്‍കിയ ഈ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഹോട്ടല്‍ മുറി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പുറത്ത് പോയ വിക്രം സിങ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെ ഫോണില്‍ നിന്നും റീ ഡയല്‍ ചെയ്തപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ബിഹാര്‍ മുന്‍ എംപിയായ ഡിപി യാദവായിരുന്നു.

തനിക്ക് ഇതേ നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് കുറച്ച് മുന്‍പ് ഒരു ഭീഷണി സന്ദേശം ലഭിച്ചതായി യാദവ് തന്നെ പൊലീസിനോട് പറഞ്ഞു. എംപി ഉള്‍പ്പെട്ട ഒരു വീഡിയോ ക്ലിപ്പ് കൈയിലുണ്ടെന്നും രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ 5 കോടി രൂപ നല്‍കണമെന്നുമായിരുന്നു ആവശ്യമെന്നും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ് ടോപ് പരിശോധിച്ച പൊലീസിന് ചില ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ നാരദാ ന്യൂസ് ഉടമ മാത്യു സാമുവലുമായി സാമ്യമുള്ളയാളെയാണ് കണ്ടെത്തിയതെന്നും, എന്നാല്‍, ഫോണ്‍ കോളിന് പിന്നില്‍ മാത്യു സാമുവലാണോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.. ഇതോടെയാണ് ബീഹാര്‍ എംപിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ മാത്യു സാമുവല്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായത്. എന്നാല്‍ ഇത് നിഷേധിച്ച് പൊലീസിന് മാത്യു സാമുവല്‍ കത്തയച്ചിട്ടുണ്ട്.

ഡിപി യാദവിനോട് പണം ആവശ്യപ്പെട്ട് ഭീഷണി കോള്‍ വിളിച്ചത് നാരദയില്‍ നിന്നും പുറത്താക്കിയ നിധിന്‍ എന്ന പത്രപ്രവര്‍ത്തകനെന്ന് കാണിച്ച് മാത്യു സാമുവലിന്റെ വിശദീകരണം പോലീസിന് നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് മാത്യു സാമുവല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. നിധിന്‍ ചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനെ ഒന്നരമാസം മുന്‍പ് കൃത്യനിഷ്ട ഇല്ലാത്തതിന്റെ പേരില്‍ പുറത്താക്കിയതാണെന്നും ഇയാള്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. നാരദയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്നെ കമ്പനി ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും തിരികയെത്തിക്കണമെന്ന് ടെക്‌നിക്കല്‍ വിഭാഗം മേധാവി പല തവണ പറഞ്ഞിട്ടും ഇയാള്‍ ഓഫീസിലെത്തുകയോ സാധനങ്ങള്‍ മടക്കി തരുകയോ ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനെ മാദ്ധ്യമപ്രവര്‍ത്തകയെ മറയാക്കി ഒളിക്യാമറയില്‍ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞതിനെത്തുടര്‍ന്നു പാതിവഴിയില്‍ ഉപേക്ഷിച്ച ഹണിട്രാപ്പ് ദൃശ്യങ്ങള്‍ തട്ടിയെടുത്ത് ബ്ലാക്മെയിലിംഗിന് ശ്രമിച്ചതായി പരാതി കേരള പൊലീസിന്റെ പരിഗണനയിലുമുണ്ട്. തെഹല്‍ക്കയ്ക്ക് വേണ്ടി ജിജി തോംസണ്‍ ചീഫ് സെക്രട്ടറി ആയിരുന്ന സമയത്ത് ഒളിക്യാമറ ഓപ്പറേഷന്‍ ഒരുക്കിയിരുന്നു. എന്നാല്‍, മാദ്ധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യം തിരിച്ചറിഞ്ഞതോടെ ഓപ്പറേഷന്‍ ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ജിജി തോംസണുമായി ബന്ധപ്പെട്ട് ആദ്യം ചിത്രീകരിച്ച ചില ദൃശ്യങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകയില്‍ നിന്നും അടിച്ചുമാറ്റി ചിലര്‍ ഇപ്പോള്‍ ബ്ലാക്മെയ്ലിംഗിന് ശ്രമിക്കുന്നു എന്നായിരുന്നു പരാതി. മാത്യു സാമുവലും മാദ്ധ്യമപ്രവര്‍ത്തകയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാലു പേര്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം, പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബൈജു ജോണ്‍, മഹേഷ് മോഹന്‍, കുമാര്‍,റാംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്.

related news:

EXCLUSIVE: നാരദ ഹണിട്രാപ്പ്: ജിജി തോംസണുമായി ബന്ധമുണ്ടെന്ന് എയ്ഞ്ചലിന്റെ മൊഴി

ഹണിട്രാപ്പ് : തൃണമൂല്‍ സംഘം കേരളത്തിലേക്ക് വരുന്നു

SHOCKING NEWS: ഹണിട്രാപ്പില്‍ ജിജിക്ക് പിന്നാലെ കെ.റ്റി.ഡി.സിയിലെ ഐ.എ.എസുകാരനും കുടുങ്ങി

ഹണിട്രാപ്പില്‍ ജിജി തോംസണെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : മാത്യു സാമുവല്‍

‘ഒളിക്യാമറകള്‍’ക്കു പിന്നിലെ മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍’: ഒരു സഹപ്രവര്‍ത്തകന്‍ മനസ്സു തുറക്കുന്നു.

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക് മെയിലിംഗും കൂട്ടിക്കൊടുപ്പും