അര്‍ണാബിനെതിരെ മോഷണക്കുറ്റത്തിന് കേസ്‌

മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പുതുതായി ആരംഭിച്ച റിപ്പബ്ലിക് ചാനല്‍ തലവനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോഷണത്തിന് പരാതി നല്‍കി മുന്‍ സ്ഥാപനമായ ടൈംസ് നൗ ചാനല്‍.

അര്‍ണാബ് ഗോസ്വാമി മുമ്പ് ടൈംസ് ചാനലിന്റെ വാര്‍ത്താതലവനായിരുന്നു. ഗോസ്വാമി ടൈംസ് നൗ എഡിറ്ററായിരുന്ന കാലത്ത് കമ്പനിക്ക് അവകാശപ്പെട്ട രേഖകള്‍ കടത്തിക്കൊണ്ടുപോയി എന്നാണ് കേസ്. പ്രേമശ്രീദേവി എന്ന റിപ്പോര്‍ട്ടര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

അര്‍ണാബ് ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കമ്പനിക്ക് സ്വന്തമായുള്ള സ്വകാര്യരേഖകള്‍ പുതിയ ചാനലിലേക്ക് കടത്തിയെന്ന് ആരോപിച്ചാണ് ടൈംസ് നൗ ഉടമകളായ ബെന്നെറ്റ് ആന്റ് കോ ലിമിറ്റഡ് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെപുറത്ത് ഐ.പി.സി 378, 379, 403, 405, 406, 409, 422, 424, 428 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്.

മെയ് ആറിന് പ്രവര്‍ത്തനം ആരംഭിച്ച റിപ്പബ്ലിക് ചാനലില്‍ സംപ്രേഷണം ചെയ്ത പല വീഡിയോകളും ടൈംസ് നൗ ചാനലിന്റേതാണ് എന്നാണ് പരാതി. ലാലുപ്രസാദ് യാദവ്, ശശിതരൂര്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരായി ടേപ്പുകള്‍ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടിരുന്നു.