ജെയ്റ്റ്‌ലിക്കെതിരേ ചൂടേറിയ വാദവുമായി രാം ജഠ്മലാനി

ആം ആദ്മി പാര്‍ട്ടിക്കെതിരേ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ജെയ്റ്റ്‌ലിക്കെതിരേ ഹാജരായത് ബിജെപി മുന്‍ നേതാവും പ്രമുഖ അഭിഭാഷകനുമായ രാംജഠ്മലാനി. രാം ജഠ്മലാനി തുറന്ന കോടതിയില്‍ ജയ്റ്റ്‌ലിക്കെതിരെ ശക്തമായി വാദിച്ചു.

തന്റെ പദവിക്ക് ഏതു തരത്തിലുള്ള രംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി വിശദീകരണമെന്ന് ജഠ്മലാനി ആവശ്യപ്പെട്ടു. ‘അപരിഹാര്യവും നിര്‍ണയിക്കാന്‍ കഴിയാത്തവിധവും” അദ്ദേഹത്തിന്റെ യശ്ശസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തണം. സാമ്പത്തിക വ്യവഹാരവുമായി ബന്ധപ്പെട്ടതു കൊണ്ടാണോ അപരിഹാര്യമായതെന്ന് ചൂണ്ടികാണിച്ചതെന്ന് ജഠ്മലാനി ചോദിച്ചു.

തനിക്കുണ്ടായ അഭിമാനക്ഷതം അത് പണവുമായി ബന്ധപ്പെടുത്തി നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അപകീര്‍ത്തിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമായെന്നും അതാണ് തന്റെ കേസില്‍ പരിഗണിക്കേണ്ടതെന്നും ജയ്റ്റ്‌ലി മറുപടി പറഞ്ഞു. തന്റെ പദവിയും പശ്ചാത്തലവും കീര്‍ത്തിയും പരിഗണിക്കുമ്പോള്‍ തനിക്കുണ്ടായ അപമാനം നിര്‍ണ്ണയിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യക്തിത്വം മഹത്തരമാണെന്ന വ്യക്തിവികാരമാണ് ജയ്റ്റ്‌ലി പറഞ്ഞു വരുന്നതെന്നും അത് കേസില്‍ സാമ്പത്തിക മാനദണ്ഡമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ജഠ്മലാനി തിരിച്ചടിച്ചു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനായിരുന്ന കാലത്ത് ജയ്റ്റ്‌ലിയും കുടുംബാംഗങ്ങളും സാമ്പത്തിക തിരിമറിക്ക് കൂട്ടുനിന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചത്. തുടര്‍ന്ന് ജയ്റ്റ്‌ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിരാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അപകീര്‍ത്തികേസ് നല്‍കുകയായിരുന്നു.