ഫാദർ ടോം ഉഴുന്നാലിന്‍റെ മോചനം ഇനിയും വൈകും

യെമനിൽ ഭീകരർ തട്ടികൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്‍റെ മോചനം ഇനിയും വൈകും. തട്ടിക്കൊണ്ടുപോയവരുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. അബുദാബി ബിഷപ്പും മോചനകാര്യത്തിൽ അനുകൂല നിലപാടല്ല കൈക്കൊണ്ടതെന്നും ടോം ഉഴുന്നാലിന്‍റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 15 നു ചിത്രീകരിച്ച വീഡിയോ സന്ദേശം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറെ അവശനായി കാണപ്പെടുന്ന വീഡിയോയിൽ തന്‍റെ മോചനത്തിനായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടുവെന്നു ടോം ഉഴുന്നാലിൽ പറയുന്നു. മോചനത്തിനായി നിരവധി തവണ ചർച്ച നടത്തിയിട്ടും കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം അനുകൂലമായിരുന്നില്ല. തന്നെ തട്ടിക്കൊണ്ടുപോയവർ അബുദാബി ബിഷപ്പുമായും സംസാരിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. തട്ടിക്കൊണ്ടു പോയവർ മോചനത്തിനായി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ എന്തൊക്കെ എന്ന് ചോദിയ്ക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നും ഉഴുന്നാലിൽ കുറ്റപ്പെടുത്തി. ആരോഗ്യസ്ഥിതി മോശമായ തന്നെ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണം. മോചനത്തിനായി സാധ്യമായത് ചെയ്യണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്. കഴിഞ്ഞ മാർച്ച് നാലിനാണ് ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടി കൊണ്ടുപോയത്.

[fbvideo link=”https://www.facebook.com/news18Kerala/videos/1576238992400502/” width=”500″ height=”400″ onlyvideo=”1″]