ഇനി നിസബ ഗോദ്‌റെജിനെ നയിക്കും

നിസാബ ഗോദ്റെജ്. അടുപ്പമുള്ളവര്‍ നിസ എന്നു വിളിക്കും. വയസ്സ് 39. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ പ്രമുഖരായ ഗോദ്റെജിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡി’ന്റെ നേതൃത്വം ഇനി നിസബയുടെ കൈകളില്‍. 10,000 കോടിയോളം രൂപയാണ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ വിറ്റുവരവ്.

നിലവിലെ ആദി ഗോദ്‌റെജ് ദൈനംദിന ഭരണത്തില്‍നിന്നു മാറുകയാണ്. എഴുപത്തിയഞ്ചുകാരനായ ആദി ഗോദ്‌റെജ് 17 വര്‍ഷമായി കമ്പനിയെ നയിക്കുന്നു. ഇനി ചെയര്‍മാന്‍ ഇമെരിറ്റസ് ആയി ബോര്‍ഡില്‍ തുടരും. നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ നിസബ ഇന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കും.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 9608 കോടി രൂപയാണ് വിറ്റുവരവ്. 2015 16 ല്‍ 8753 കോടി രൂപയായിരുന്നു. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി വിവേക് ഗംഭീര്‍ തുടരും.

സോപ്പ്, വീട്ടുപയോഗത്തിനുള്ള കീടനാശിനി, എയര്‍ ഫ്രെഷ്‌നര്‍, ഡിയോഡറന്റ്, ഹെയര്‍ കെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രമുഖ സ്ഥാനമുണ്ട് കമ്പനിക്ക്.

നിസബ തലപ്പത്ത് എത്തുമ്പോള്‍ അതിന് വാര്‍ത്താ പ്രാധാന്യം കൈവരുന്നത് ചില പ്രത്യേകതകള്‍ കൊണ്ടാണ്. ഇന്ത്യയിലെ വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരിക്കും നിസബ. ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍(ജിസിപിഎല്‍) 17 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഇവര്‍ക്കുണ്ട്. ജിസിപിഎല്ലില്‍ എത്തുന്നത് 2000 ല്‍, 2007 ല്‍ ജിസിപിഎല്ലിന്റെ പ്രോജക്ട് ലീപ്‌ഫ്രോഗിന്റെ തലപ്പത്തെത്തി. ഇതുവരെ ഹ്യൂമന്‍ റിസോഴ്‌സ്, ഇന്നവേഷന്‍ വിഭാഗങ്ങളിലും ഗോദ്‌റെജ് അഗ്രോവെറ്റിലും പ്രവര്‍ത്തിച്ചു. 2013 ല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌റായി. പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സി ബിരുദം, ഹാര്‍വഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ എന്നിവയാണ് വിദ്യാഭ്യാസയോഗ്യത. കുടുംബം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംരംഭകനായ കല്‍പേഷ് മേത്ത ഭര്‍ത്താവ്. ഒരു മകന്‍.