ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തും കനത്ത സൈബർ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ പ്രവർത്തിപ്പിക്കരുത് എന്ന് ബാങ്കുകള്‍ക്ക് ആർബിഐ നിര്‍ദേശം നൽകി.
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാനാണ് നിര്‍ദേശം. പ്രധാനമായും പഴയ വിന്‍ഡോസ് എക്സ് പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടറുകള്‍ വിന്‍ഡോസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും ആര്‍ബിഐ ബാങ്കുകളോട് നിര്‍ദേശിച്ചു.
രാജ്യത്തെ ഭൂരിപക്ഷം എടിഎമ്മുകളും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ 60 ശതമാനത്തോളം, അതായത് 2.25 ലക്ഷം എടിഎമ്മുകളും പഴയ വിന്‍ഡോസ് എക്സ് പി ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇത് എളുപ്പത്തില്‍ ആക്രമിക്കാന്‍ പറ്റുന്നവയാണെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് കേരളവും ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാലോളം കമ്പ്യൂട്ടറുകളാണ് തകരാറിലായത്. മൂന്ന് ദിവസത്തിനകം 300 ഡോളര്‍ ബിറ്റ് കോയിന്‍ നിക്ഷേപിക്കണമെന്ന് ഹാക്കര്‍ ആവശ്യപ്പെട്ടതായാണ് സൂചന.
വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപ്പിലെ പ്രമുഖ സുരക്ഷ ഏജൻസി യൂറോപോള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനാണ് ആക്രമണത്തിന് വിനിയോഗിച്ചത്. എന്നാല്‍ തുടര്‍ ആക്രമണം ഇതിലും പുതിയ വേര്‍ഷനുകള്‍ ഉപയോഗിച്ചായിരിക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വൈറസുകള്‍ മൈക്രോസോഫ്റ്റ്, വിന്‍ഡോസ് സിസ്റ്റങ്ങളെയാണ് കൂടുതല്‍ തകരാറിലാക്കുക എന്നും ഇവര്‍ പറയുന്നു.
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ബ്രിട്ടനും അമേരിക്കയും റഷ്യയുമടക്കം 150 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തില്‍ താറുമാറായത്. ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.
ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘വാണാക്രൈ’ വൈറസ് എന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായത്. 300 ഡോളര്‍(19000 രൂപ) മുതല്‍ 600 ഡോളര്‍ (38000) വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴി പണം കൈമാറ്റം ചെയ്യാനാണ് ഇവരുടെ നിര്‍ദ്ദേശം. ആക്രമണ ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.