ഇടപാടുകാരെ കൊള്ളയടിക്കാനൊരുങ്ങി എസ്ബിഐ; ഇനി സൗജന്യ എ.ടി.എം സേവനം ഇല്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഇടപാടുകാരെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ഇക്കാര്യം ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മാത്രമല്ല, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. എന്നാല്‍ 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും സേവന നികുതി നല്‍കേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടക്കുന്ന ബേസിക് സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വിസ് ചാര്‍ജിലും മാറ്റം വരും. ഇതില്‍ എടിഎം ഇടപാടുള്‍പ്പെടെ മാസത്തില്‍ നാല് ഇടപാടില്‍ കൂടിയാല്‍ സര്‍വിസ് ചാര്‍ജ് നല്‍കണം. ചെക്ക് ബുക്കിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.