മഡോണയെ മലയാള സിനിമ മറന്നതാണോ? അന്യഭാഷയില്‍ സജീവമാകാന്‍ കാരണം എന്താകാം?

തെന്നിന്ത്യന്‍ താരസുന്ദരികള്‍ മോഹിക്കുന്ന തരത്തിലുള്ള ഓഫറാണ് മഡോണ സെബാസ്റ്റിയനെ തേടിയെത്തിയത്. പ്രേമത്തിന്റെ തെലുങ്ക് വേഴ്ഷന് ശേഷം വീണ്ടും അതേ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് മഡോണ ഇപ്പോള്‍. മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴും തെലുങ്കും മഡോണയെ സ്വീകരിച്ചു.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് മഡോണ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ നിറഞ്ഞു നില്‍ക്കുന്ന മഡോണയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് അഭിനയിച്ച കിങ് ലിയറും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീടാണ് താരം അന്യഭാഷാ സിനിമയിലേക്ക് ചേക്കേറിയത്.

തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും അന്യഭാഷയിലേക്ക് കടന്നപ്പോഴാണ് മഡോണയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. തമിഴകത്തും തെലുങ്കിലും വന്‍സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചേക്കേറുന്ന നായികമാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിരം കാഴ്ചയാണ് തമിഴകത്ത് കാണാനുള്ളത്. അസിന്‍, സ്‌നേഹ തുടങ്ങിയവര്‍ ഉത്തമ ഉദാഹരണമാണ്. അത്തരത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലേക്ക് പ്രവേശിച്ച മഡോണയേയും പ്രേക്ഷകര്‍ സ്വീകരിച്ചു.

മഡോണ സെബാസ്റ്റിയനൊപ്പം വിടാതെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. പൊതു ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വസ്ത്രധാരണത്തിലെ പിഴവായിരുന്നു ആദ്യം താരത്തെ സംബന്ധിച്ച് പ്രചരിച്ചത്. പിന്നീട് തലക്കനം കൂടിയെന്നും അഹങ്കാരിയാണെന്ന തരത്തിലും കാര്യങ്ങളും പ്രചരിച്ചു.

സെറ്റില്‍ ആരോടും അധികം സംസാരിക്കാതെ ഒരു കാര്യത്തിലും പങ്കെടുക്കാതെ തന്റെ ജോലി മാത്രം ചെയ്തു പോവുന്ന തരത്തിലാണ് മഡോണ സെബാസ്റ്റിയന്റെ പെരുമാറ്റമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

തെലുങ്കിലെ മുന്‍നിര നായകരിലൊരാളായ വിജയ് ദേവാരകൊണ്ടയോടൊപ്പമാണ് മഡോണ ഇനി അഭിനയിക്കുന്നത്. അല്ലു അര്‍ജുന്റെ പിതാവും പ്രമുഖ നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.