ദിലീപ് വെറും ഡമ്മി: തിയേറ്റര്‍ സമരം പൊളിച്ചത് മമ്മൂട്ടി

തിരുവനന്തപുരം: എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ സിനിമാ സമരം പൊളിച്ചത് ദിലീപിന് ആശംസകളും പ്രശംസകളും ചൊരിഞ്ഞ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ട്രോളുകളും മറ്റും പ്രവഹിക്കുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ദിലീപിനും മമ്മൂട്ടിക്കും ചിരിവരും. കാരണം സമരം പൊളിച്ചതിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ മമ്മൂട്ടിയാണ്. അതും മോഹന്‍ലാലുമായി ചേര്‍ന്ന് നടത്തിയ നീക്കം. എന്നാല്‍ പ്രശ്‌നത്തില്‍ പരസ്യമായി ഇടപെടാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് തിയേറ്റര്‍ ഉടമകൂടിയായ ദിലീപിനെ കളത്തിലിറക്കിയത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനെയും ഇറക്കി.  ലിബര്‍ട്ടി ബഷീറിപ്പോ കളിക്കാന്‍ പടമില്ലാതെ ധര്‍മസങ്കടത്തിലാണ്.

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ അമരക്കാരായതോടെ പരസ്പ്പരമുള്ള ശീതസമരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവസാനിച്ചതാണ്. ഇരുവരും എന്നും ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. സിനിമാ സമരം തുടങ്ങിയത് മുതല്‍ എങ്ങനെ ഇതിനെ നേരിടാം എന്ന് രണ്ട് പേരും ആലോചിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി മമ്മൂട്ടി സംസാരിച്ച ശേഷമാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്. ആന്റണി പെരുമ്പാവൂരിനും തിയേറ്ററുകള്‍ ഉള്ളതിനാല്‍ മോഹന്‍ലാല്‍ അയാളോടും പുതിയ സംഘടന രൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. അതിന് മുമ്പ് അമ്മയുടെ ഭാരവാഹികള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സിബിമലയില്‍, സത്യന്‍ അന്തിക്കാട് എന്നിവരുമായി സംസാരിച്ചിരുന്നു.

നിര്‍മാതാക്കളുടെ സംഘടനാ നേതാവായ ജി. സുരേഷ് കുമാറുമായി മമ്മൂട്ടി വര്‍ഷങ്ങളായി അത്രനല്ല അടുപ്പത്തിലല്ല. കാണുമ്പോഴുള്ള സൗഹൃദം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് സുരേഷുമായി മമ്മൂട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നത്. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ നിര്‍മാണ കമ്പനി തുടങ്ങിയതോടെ സുരേഷ് കുമാറുമായി പഴയ അടുപ്പമില്ല. എന്നാല്‍ സൗഹൃദത്തിന് കുറവില്ലതാനും. സുരേഷ് കുമാറിനോട് കാര്യങ്ങള്‍ സംസാരിക്കാതിരുന്നത് കൊണ്ടാണ് അദ്ദേഹം മമ്മൂട്ടിയും മോഹന്‍ലാലും സമരത്തില്‍ ഇടപെടാത്തതില്‍ വിഷമമുണ്ടെന്ന് പരസ്യപ്രതികരണം നടത്തിയത്. കാവ്യാമാധവനെ വിവാഹം കഴിച്ചതിലൂടെ ദിലീപിനെതിരെ സിനിമയിലും പൊതുസമൂഹത്തിലും സോഷ്യല്‍മീഡിയയിലും ഉണ്ടായ പ്രതിഷേധം ഇപ്പോള്‍ അവസാനിച്ചു. എന്നതും ശ്രദ്ധേയം.