45 ലക്ഷത്തിന് വിറ്റ പിച്ചക്കാരന് കിട്ടിയത് 30 കോടി

ചെന്നൈ: പിച്ചക്കാരന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് നാല്‍പ്പത്തഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റപ്പോള്‍ നിര്‍മാതാവും നായകനുമായ വിജയ് ആന്റണി സന്തോഷിച്ചു. കാരണം തമിഴ്‌നാട്ടില്‍ ഹിറ്റായ ഒരു സാധാരണ സിനിമയ്ക്ക് ഇത്രയും തുക വല്യ കാര്യമാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് നടന്നത്. തിരുപ്പതി അയ്യരാണ് തെലുങ്ക് ഡബ്ബിംഗ് അവകാശം നേടിയത്. ഭാിച്ചഗാഡു എന്ന പേരില്‍ കുറച്ച് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ നല്ല പ്രതികരണം ലഭിച്ച് തുടങ്ങി. പിന്നീട് കൂടുതല്‍ സെന്ററുകളിലേക്ക് ചിത്രം എത്തിച്ചു. ഒടുവില്‍ 100 തിയേറ്ററുകളില്‍ 100 ദിവസം കളിച്ച് കഴിഞ്ഞപ്പോഴേക്കും 30 കോടിയായി കളക്ഷന്‍. ഇത് അറിഞ്ഞ് വിജയ് ആന്റണി തലയില്‍ കൈവച്ചു.
തെലുങ്കിലെ ഒരു സൂപ്പര്‍താര ചിത്രത്തിന് ലഭിക്കുന്ന സ്വീകരണമാണ് ഭിച്ചഗാഡു നേടിയത്. ശശി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പേ തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിച്ചൈക്കാരന്‍ നെഗറ്റീവ് പേരായതിനാല്‍ പലരും വിതരണത്തിന് എടുക്കാന്‍ മടിച്ചു. അവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചാണ് ചിത്രം തമിഴ്‌നാട്ടില്‍ ഹിറ്റായത്. എന്നാല്‍ അതിനേക്കാള്‍ വലിയ വിജയമാണ് തെലുങ്കിലുണ്ടായത്. ഇപ്പോള്‍ കന്നട പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ് വിജയ് ആന്റണി. സംഗീതസംവിധായകനായ വിജയ് ആന്റണി നായകനാകുന്ന നാലാമത്തെ ചിത്രമാണിത്.