ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

21-ാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്നു മുതല്‍ ഈ മാസം 16 വരെ നഗരം ഇനി സിനിമ സംസാരിക്കും. 13 വേദികളിലായി 184 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 61 രാജ്യങ്ങളില്‍ നിന്നുള്ള സിനികളാണ് ഇക്കുറി മേളക്കെത്തുന്നത്. ഇവയെല്ലാം കൂടി 400 പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക. ഇന്ത്യയില്‍ നടക്കുന്ന മറ്റു ചലച്ചിത്രമേളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് കേരളത്തിലെ ചലച്ചിത്രമേള. 13,000-ഓളം ആളുകളാണ് സിനിമകള്‍ കാണാനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ തീയേറ്ററുകളിലും കൂടി ഒമ്പതിനായിരം സീറ്റുകള്‍ മാത്രമേ ഉള്ളൂവെന്നത് എല്ലാവര്‍ക്കും മേള കാണാനാവുമോയെന്ന കാര്യത്തില്‍ പ്രശ്‌നമാകാനിടയുണ്ട്.
കൊടിയേറ്റവും പാലായനവുമാണ് ഇത്തവണത്തെ ചലച്ചിത്രമേളകളുടെ പ്രമേയം. രാവിലെ തന്നെ സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധിയില്‍ നിര്‍വഹിക്കും. പ്രശസ്ത അന്യഭാഷാ നടന്‍ അമോല്‍ പരേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. അഫ്ഗാന്‍ ചിത്രമായ ‘പാര്‍ട്ടിങ്’ ആണ് ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തില്‍ 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കപ്പെടുക. ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം, വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ എന്നീ മലയാള ചലച്ചിത്രങ്ങളും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി മിഷേല്‍ ക്ലിഫിയാണ്.
പ്രദര്‍ശനങ്ങള്‍ നേരത്തെ തന്നെ ബുക്ക് ചെയ്ത് കാണുവാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. ഭിന്നലിംഗക്കാര്‍ക്കായി ആദ്യമായി പ്രത്യേക പാസ് ഏര്‍പ്പെടുത്തിയെന്ന സവിശേഷതയും ഈ മേളയ്ക്കുണ്ട്. എല്ലാ സിനിമകളുടെയും പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്.
സിനിമാപ്രദര്‍ശനത്തോടൊപ്പം തന്നെ മികച്ച ചലച്ചിത്രങ്ങളെ കുറിച്ചുള്ള സിമ്പോസിയം, പ്രഭാഷണം തുടങ്ങിയവും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. എല്ലാവര്‍ഷവും ഉണ്ടാകുന്നതു പോലെയുള്ള പ്രതിഷേധങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് കമല്‍ അറിയിച്ചു.