അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്ത ബാര്‍ അസോസിയേഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തം.

ഇത് ജനാധിപത്യവിരുദ്ധവും പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ അഭിഭാഷകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.

അഭിഭാഷകന്‍ കൂടിയായ സെബാസ്റ്റ്യന്‍ പോളിന്റെ ചില പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരുവുനായ ശല്യം സംബന്ധിച്ച സെമിനാറില്‍ അഭിഭാഷകര്‍ക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തലസ്ഥാനത്തെ ഒരു അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കി. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, കേരളകൗമുദി, മാധ്യമം, രാഷ്ട്രദീപിക, ഡെക്കാന്‍ ക്രോണിക്കിള്‍, ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ് നല്‍കിയത്.

ആകെ 57 പ്രതികളില്‍  സെബാസ്റ്റ്യന്‍ പോളാണ് ഒന്നാം പ്രതി. മലയാള മനോരമ രണ്ടാം പ്രതിയും. മാധ്യമ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരെയും എഡിറ്റര്‍മാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. മാമ്മന്‍ മാത്യു, മന്ത്രി ടി.പി രാമകൃഷ്ണന്‍, സി.പി.എം സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദന്‍, ദീപു രവി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഒ.അബ്ദുറഹ്മാന്‍ തുടങ്ങിയവരും പ്രതികളാണ്. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരെയും ബാര്‍ അസോസിയേഷന്‍ നടപടിയെടുത്തിട്ടുണ്ട്.

വീക്ഷണം മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ പി.ടി തോമസിനും കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. ഡയറക്ടര്‍മാരായ ബെന്നി ബെഹ്നാന്‍, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ്, വി.എം സുധീരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഈ കേസില്‍ ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ എസ്.ജോഷി, ഷിഹാബുദ്ദീന്‍ കാരിയത്ത് എന്നിവരുള്‍പ്പെടെയുള്ളവരെയയാണ് ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

നേരിട്ട് ഹാജരാകാന്‍ സെബാസ്റ്റ്യന്‍ പോള്‍ എത്തിയാല്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും നീക്കമുണ്ടായിരുന്നതായാണ് സൂചന. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകയായ ശ്രീജ ശശിധരനാണ് ഹാജരായത്. ഇവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് യഥാസമയം സമന്‍സും ലഭിച്ചിട്ടില്ല.
ബാര്‍ അസോസിയേഷന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന അഭിപ്രായം ശക്തമാണ്.

ഒരു പൗരന്റെ ഭരണഘടനാ അവകാശത്തിന്‍മേലുള്ള കൈയേറ്റമാണ് ബാര്‍ അസോസിയേഷന്റെ നടപടി. വക്കാലത്ത് ഫയല്‍ ചെയ്യാന്‍ പൗരനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്. ഏകാധിപത്യപരമായ നിലപാടാണ് ഇക്കാര്യത്തില്‍ ബാര്‍ അസോസിയേഷന്‍ കൈക്കൊണ്ടതെന്ന വിമര്‍ശനം ശക്തമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഒരു വിഭാഗം അഭിഭാഷകരുടെ തീരുമാനം. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്റ് ചെയ്ത നടപടി കെ.പി.സി.സിയും ഗൗരവമായി എടുത്തിട്ടുണ്ട്. ഇക്കാര്യം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തു.

ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.
കീര്‍ത്തി ഉമ്മന്‍ രാജന്‍, പേട്ട ജെ. സനല്‍കുമാര്‍, ശാസ്തമംഗലം എസ്. അജിത്കുമാര്‍, ജി.എസ് പ്രകാശ്, പ്രദീപ്കുമാര്‍, ശ്രീജ ശശിധരന്‍, എന്‍.ബിനു എന്നിവര്‍ക്ക് നേരെയാണ് ബാര്‍ അസോസിയേഷന്റെ നടപടി. ഹൈക്കോടതിയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് വിലക്കില്ലാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മാത്രം വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് ബഹുഭൂരിപക്ഷം അഭിഭാഷകരും വിയോജിക്കുകയാണ്.