ആന്റണിയെ ഇറക്കി ഉമ്മന്‍ ചാണ്ടിയെ ഇന്ദിരാഭവനില്‍ എത്തിക്കാനുള്ള നീക്കം പൊളിഞ്ഞു

രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ ചാണ്ടി

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: എ.കെ ആന്റണിയെ കളത്തിലിറക്കി ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യസമിതി യോഗത്തിലെത്തിക്കാനുള്ള ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നീക്കം പാളി.

ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ തഴയപ്പെട്ടെന്നാരോപിച്ച് പാര്‍ട്ടി പരിപാടികളില്‍നിന്ന് അകലം പാലിച്ചിരിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ യോഗത്തിനെത്തിക്കുന്നതിന്റെ ഭാഗമായാണ് എ.കെ ആന്റണി ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയത്.

ആന്റണി പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി യോഗത്തിനെത്തുമെന്നായിരുന്നു സുധീരന്റെയും ചെന്നിത്തലയുടെയും കണക്ക്കൂട്ടല്‍. ഇതേത്തുടര്‍ന്ന് ആന്റണി ഇന്ന് എത്തിയെങ്കിലും നിലപാട് മയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയാറായിട്ടില്ല. ഇടയ്ക്കിടെ അഭിപ്രായം മാറ്റുന്ന സ്വഭാവം തനിക്കില്ലെന്നും യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഉമ്മന്‍ ചാണ്ടി ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ദിരാഭവനില്‍ എത്താത്ത ഉമ്മന്‍ ചാണ്ടി ഇന്ന് കോട്ടയത്ത് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ഇതിനിടെ ഇന്നലെ രാത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള നേതാക്കല്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുമായി സംസാരിക്കണമെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. രമേശ് ചെന്നിത്തലയുമായി അടുത്തബന്ധമുള്ള മുകുളിനെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. ഹൈക്കമാന്‍ഡുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ ബന്ധം വഷളാക്കിയതിന് പിന്നില്‍ ചെന്നിത്തലയ്‌ക്കൊപ്പം മുകുള്‍വാസ്‌നിക്കും പ്രവര്‍ത്തിച്ചെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.