മദ്യപാനികള്‍ സന്തോഷിക്കണ്ട! ബാറുകളില്‍ 70 % അധികവില നല്‍കേണ്ടിവരും

പുതിയ മദ്യനയത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ മദ്യത്തിന്റെ വിലയുടെ കാര്യത്തിലും ബാര്‍ ഉടമകള്‍ ധാരണയിലെത്തി. ബിവറേജില്‍നിന്നും ലഭിക്കുന്നതിന്റെ 70 ശതമാനം വരെ കൂടുതല്‍ വില ബാറുകളില്‍നിന്നും ലഭിക്കുന്ന മദ്യത്തിന് നല്‍കേണ്ടിവരും.

കുറഞ്ഞ വിലക്കുള്ള മദ്യത്തിനാണ് ബാറുകളില്‍ ആവശ്യക്കാരെന്നതിനാല്‍ അത്തരം മദ്യങ്ങള്‍ക്കായിരിക്കും പരമാവധി വില ചുമത്തുക. ഫുള്‍, ലിറ്റര്‍ എന്നിവ വാങ്ങുന്നവരില്‍ നിന്നു പരമാവധി 50 ശതമാനം അധികമായിരിക്കും ബാറുകളില്‍ ഈടാക്കുക. എക്‌സിക്യൂട്ടീവ് കൗണ്ടറില്‍ നിന്നു വിളമ്പുന്ന മദ്യത്തിനു ബവ്‌കോയില്‍ നിന്നു ലഭിക്കുന്നതിന്റെ ഇരട്ടി വില നല്‍കേണ്ടിവരും.

ബാറുകള്‍ തുറക്കുന്നതോടെ ബിവറേജസ് കോര്‍പ്പറേഷന് സൂക്ഷിക്കേണ്ട മദ്യത്തിന്റെ അളവിലും വര്‍ധന വരുത്തേണ്ടിവരും. ബാറുകള്‍ തുറക്കുമ്പോള്‍ 18 ലക്ഷം കെയ്‌സ് മദ്യമാകും അധികമായി സംഭരിക്കേണ്ടി വരിക. ഒരു കെയ്‌സില്‍ ഒന്‍പതു ലിറ്റര്‍ മദ്യമാണുള്ളത്.

ബാറുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നാളെ പുറപ്പെടുവിക്കും. തുടര്‍ന്നു ബാറുടമകള്‍ക്കു ലൈസന്‍സിനു വേണ്ടി എക്‌സൈസിന് അപേക്ഷ നല്‍കാം. ബാറില്‍ പുതിയ കൗണ്ടര്‍ തുറക്കുന്നതിന് എക്‌സൈസില്‍ നിന്നു പ്രത്യേക അനുമതി നേടുകയും വേണം. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മദ്യത്തിനു വേണ്ടി ബവ്‌റിജസ് കോര്‍പറേഷനെ സമീപിക്കാനാകൂ.