വിവാഹ തട്ടിപ്പ്: യുവതി പൊലീസ് പിടിയില്‍

പന്തളം: പത്തോളം വിവാഹ തട്ടിപ്പു നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര ആക്കല്‍ ഇളമാട് ഷാബുഭവനില്‍ ശാലിനി (32) ആണ് അറസ്റ്റിലായത്. കുളനട സ്വദേശിയുമായുള്ള വിവാഹം ഇന്നലെ രാവിലെ ഉള്ളന്നൂര്‍ വിളയാടി ദേവീ ക്ഷേത്രത്തില്‍ നടന്നതിനു ശേഷമാണ് അറസ്റ്റു നടന്നത്.

ഇവര്‍ പത്തോളം കേസില്‍ പ്രതിയും മുമ്പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹ ആലോചന സമയത്ത് ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലെന്നും ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥയും വിധവയും ആണെന്നും ധരിപ്പിച്ചിരുന്നത്.

പത്ര പരസ്യം മുഖേനയാണ് വിവാഹം നടന്നത്. വിവാഹ ശേഷം ചടങ്ങില്‍ പങ്കെടുത്തയാളിന് സംശയം തോന്നിയതിനെ തുടര്‍ന്ന മുമ്പ് ഇവരെ വിവാഹം കഴിച്ചയാളിനെ വിവരം ധരിപ്പിക്കുകയായിരുന്നു. അയാള്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വരന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വിവാഹ തലേന്നു തന്നെ വരന്റെ വീടിനടുത്ത് തന്നെ താമസ സ്ഥലം കണ്ടെത്തുകയും വിവാഹ ശേഷം രണ്ടു മൂന്നു ദിവസം കൂടി ഭര്‍തൃ ഗൃഹത്തില്‍ തങ്ങിയ ശേഷം വരന്റെ വീട്ടില്‍ നിന്നും കിട്ടാവുന്നത്ര പണവും സ്വര്‍ണ്ണവും കൈക്കലാക്കി കടന്നു കളയുകയാണ് പതിവ്. ഇത്തരത്തില്‍ തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലായത്.

എസ്.സനൂജിന്റെ നേതൃത്വത്തില്‍ ഡബ്ല്യു.സി.പി.ഓ ജലജ, സിപിഓ നൗഷാദ് എസ്.സി.പി.ഓ പ്രസന്നന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.