തിരുവനന്തപുരം: ദക്ഷിണ റയില്‍വേയുടെ ആവശ്യത്തിനുള്ള കോട്ടണ്‍ ബ്ലാങ്കറ്റുകളുടെ നിര്‍മ്മാണത്തിനായി യൂണിറ്റ് നേമത്ത് സ്ഥാപിക്കുമെന്ന് ബിജെപി പ്രകടന പത്രിക. മണ്ഡലത്തിലെ രോഗാതുരമായ കൈത്തറി വ്യവസായ യൂണിറ്റുകള്‍ക്ക് ഉത്തേജനം നല്‍കുന്നത് കൂടിയായിരിയ്ക്കും പദ്ധതി. ഉപഭോക്താവ് റയില്‍വേ ആയതുകൊണ്ട് വിപണി ഉറപ്പ് വരുത്തുമെന്ന് വികസനത്തിന്റെ സമഗ്രദര്‍ശനം എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. കൈത്തറി സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്നതിനും ടൂറിസവുമായി ബന്ധപ്പെടുത്തി കൈത്തറി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹാന്റിക്രാഫ്റ്റ്‌സ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് സ്ഥാപിക്കുമെന്നും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സോളാര്‍ പാനല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ശ്രീപെരുംപുതൂരില്‍ ഇപ്പോഴുള്ള നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ മാതൃകയില്‍ തൊഴില്‍ മേഖലയിലെ ആവശ്യകതയും നൈപുണ്യത്തിന്റെ അഭാവവും പഠിച്ച ശേഷം ആ വിടവ് നികത്തുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കും.
ആധുനികമായ ഇലക്ട്രോണിക് സേവനങ്ങളും പഠന സംവിധാനവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ലൈബ്രറികള്‍ പുന:സംഘടിപ്പിക്കും
വനിതകള്‍ക്കായി സുചിത്വമുള്ള പിങ്ക് ശൗചാലയം,എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് പാക്കേജ്,പൊതു വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്,അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി ഫെസിലിറ്റി സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍,തൊഴില്‍ പരിശീലനത്തിനായി സ്ഥിരം സംവിധാനം,കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന ദിന ചന്തകള്‍, 24x 7 എം എല്‍ എ ഹെല്‍പ്പ് ലൈന്‍ ആപഌ ക്കേഷന്‍, കരമന കേന്ദ്രീകരിച്ച് സംസ്‌കൃത പഠനകേന്ദ്രം, ബലിതര്‍പ്പണ തീര്‍ത്ഥം നവീകരിക്കാന്‍ ‘നമസ്‌തേ തിരുവല്ലം’ പദ്ധതി, മൃഗങ്ങള്‍ക്ക് പ്രത്യേക ശ്മശാനം തുടങ്ങി 18 വിഭാഗങ്ങളിലായി 100 പദ്ധതികളാണ് പ്രകടന പത്രികയില്‍ പറയുന്നത്.
പ്രകടന പത്രിക കര്‍ണാടക എം പി ശോഭാ കലന്ദരജെ പ്രകാശനം ചെയ്തു. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍, ഗുരുമെ സുരേഷ് ഷെട്ടി എന്നിവരും പങ്കെടുത്തു
 
            


























 
				





















