കുംബ്ലേ രാജിവെച്ചു; കോഹ്ലിക്ക് പഴി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള കളിക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് കുംബ്ലെയുടെ രാജിവയ്ക്കലിന് ഇടയാക്കിയത്.
പരിശീലകന്‍ ഇല്ലാതെയാണു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ വിന്‍ഡീസ് പര്യടനത്തിനായി യാത്ര തിരിച്ചത്.

ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വെസ്റ്റ് ഇന്‍ഡീസിലേക്കു പോകുന്നില്ലെന്ന് കുംബ്ലെ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഈ മാസം 23 വരെയാണ് ഐസിസി വാര്‍ഷിക സമ്മേളനം. 23നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പര്യടനം ആരംഭിക്കുന്നത്. കോഹ്‌ലി- കുംബ്ലെ തര്‍ക്കം മൂര്‍ച്ചിച്ചതാണു ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നാണ് സൂചന. അതേസമയം പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമായതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചര്‍ച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടല്‍ ഫലപ്രദമായെന്നായിരുന്നു റിപ്പോര്‍ട്ട്. കുംബ്ലെയുടെ സഹകളിക്കാരായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് അനില്‍ കുംബ്ലെ ടീമിനൊപ്പം പോകുമെന്നും സൂചനയുണ്ടായിരുന്നു. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത രാജിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിയും കുംബ്ലെയുടെ രാജിക്ക് ഇടയാക്കിയിരുന്നു. തോല്‍വിക്ക് പിന്നാലെ പരസ്പരം വിമര്‍ശിച്ച് കൊണ്ട് കുംബ്ലെയും കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. കുംബ്ലെയുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്നു കോഹ്‌ലിയും, കളിക്കാര്‍ക്കു താല്‍പര്യമില്ലെങ്കില്‍ തുടരില്ലെന്നു കുംബ്ലെയും വ്യക്തമാക്കുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണു ബിസിസിഐ ഉപദേശകസമിതി ഇടപെട്ടത്. അനില്‍ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഇതാണു രാജിയിലേക്കു നയിച്ചത്.
ലണ്ടനില്‍നിന്നു നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്‌ലിയുടെ നിലപാട്.

ഇന്ത്യന്‍ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേല്‍പിച്ചേക്കാമെന്ന സൂചനയുള്ളതിനാലാണു കോഹ്‌ലി രംഗത്തെത്തിയത്.

വൈകാതെ പുതിയ കോച്ചിനെ ഇന്ത്യയ്ക്ക് കണ്ടത്തേണ്ടി വരും. പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുമതല ഉപദേശക സമിതിക്കാകും. പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ പ്രകടനം മികച്ചതായിരുന്നു. കുംബ്ലെയുടെ കീഴില്‍ കളിച്ച 17 ടെസ്റ്റില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. 12 എണ്ണത്തില്‍ വിജയിച്ചു. നാലെണ്ണം സമനിലയില്‍ തീര്‍ന്നു. പരിശീലക സ്ഥാനത്ത് തുടരാന്‍ കുംബ്ലെ ആഗ്രഹിച്ചിരുന്നെങ്കിലും കോഹ്‌ലിയുടെ എതിര്‍പ്പ് വിനയായി.