നഴ്‌സ് സമരം തുടരുന്നു; മാനേജ്‌മെന്റില്‍ ഭിന്നത; ശമ്പളം വര്‍ദ്ധിപ്പിച്ചുനല്‍കിയ ദയ ആശുപത്രിക്ക് വിലക്ക്

നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചുനല്‍കിയ ദയ ജനറല്‍ ആശുപത്രിക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ഊരുവിലക്ക്. രോഗികളെ ദയ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി മാനേജ്‌മെന്റ് അസോസിയേഷന്‍ മറ്റ് സ്വകാര്യ ആശുപത്രികള്‍ക്ക് കത്തയച്ചു.
രണ്ട് ദിവസം മുമ്പ് അസോസിയേഷനില്‍ നിന്നും ദയ ആശുപത്രിമാനേജ് മെന്റിനെ പുറത്താക്കിയിരുന്നു.

ഇതിന് പുറമേ ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള(എന്‍.എ.ബി.എച്ച് അംഗീകാരം) പരിശീലനകേന്ദ്രമായ ദയ ആശുപത്രി നടത്തുന്ന പരിശീലനക്ലാസുകളോട് സഹകരിക്കേണ്ടതില്ലെന്നും അസോസിയേഷന്‍ ആശുപത്രി മാനേജ്‌മെന്റുകളെ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
അടിസ്ഥാനശമ്പളത്തില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നഴ്‌സുമാര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്.

ആദ്യദിവസം തന്നെ ദയ ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ സമരം നിര്‍ത്തി. ദയ മാനേജ്‌മെന്റ് ശമ്പളവര്‍ദ്ധനവ് അംഗീകരിച്ചതോടെ മറ്റ് മാനേജ്‌മെന്റുകളും ശമ്പളവര്‍ദ്ധനവ് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. തൃശൂര്‍ നഗരത്തിലേയും പരിസരത്തേയും ഏട്ട് ആശുപത്രികള്‍ കൂടി ശമ്പളവര്‍ദ്ധനവിന് അനുകൂല നിലപാടെടുത്തു. ഇവിടങ്ങളില്‍ സമരം അവസാനിക്കുകയും ചെയ്തു. മറ്റ് ആശുപത്രികളിലെ നാലായിരത്തോളം വരുന്ന നഴ്‌സുമാര്‍ സമരം തുടരുകയാണ്. ഇതിനിടെയാണ് നഴ്‌സുമാരുടെ സമരം വിജയിപ്പിക്കാന്‍ കൂട്ടുനിന്നു ആരോപിച്ച് ദയ ആശുപത്രിയെ അസോസിയേഷനില്‍ നിന്നും ഒഴിവാക്കിയത്. മാനേജ്‌മെന്റ് അസോസിയേഷനുമായി കൂടിയാലോചിക്കാതെ ശമ്പളം വര്‍ദ്ധിപ്പിച്ചതാണ് അവരെ പ്രകോപിതരാക്കിയത്.

മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ ദയ ജനറല്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ജയരാജിനെ പോലും അറിയിക്കാതെയാണ് അസോസിയേഷന്‍ പുറത്താക്കല്‍ തീരുമാനം എടുത്തതെന്ന് ദയ ജനറല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.കെ അബ്ദുള്‍ അസീസ് പറഞ്ഞു. നഴ്‌സുമാരുടെ സമരം രോഗികളുടെ ജീവനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്.

അസോസിയേഷന്റെ വിലക്ക് ആശുപത്രിപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നഴ്‌സുമാരുടെ ശമ്പളം കൂട്ടിയതിന് തങ്ങളെ അഭിനന്ദിച്ചിരുന്നു. ശരിയെന്ന് ബോധ്യമുള്ള കാര്യമാണ് ചെയ്തതെന്നും നടപടിയെ ഭയക്കുന്നില്ലെന്നും ഡോ. അസീസ് പ്രതികരിച്ചു.