കോളനി സ്ത്രീയായി മഞ്ജു വാര്യര്‍, ജില്ലാ കലക്ടറായി മംമ്തയും

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കോളനി സ്ത്രീയായ സുജാതയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍. സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കന്‍മദത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അഭിനയ സാധ്യതയുള്ള, ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, അനശ്വര, അലന്‍സിയര്‍, സുധി കോപ്പ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തില്‍ കല്കടറുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് മംമ്ത എത്തുന്നത്. മംമ്തയും മഞ്ജു വാര്യരും തമ്മിലുള്ള ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. മലയാളത്തിലെ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന കന്‍മദത്തിലെ ഭാനുവായി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു.

പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മികച്ചൊരു സ്ത്രീ കഥാപാത്രം താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഉദാഹരണം സുജാതയ്ക്ക് വേണ്ടിയുള്ള കാത്തിപ്പിലാണ് മഞ്ജു വാര്യരുടെ ആരാധകര്‍.