കേരളത്തില്‍ ആരാണ് പോലീസ് മേധാവി?

തിരുവനന്തപുരം: കേരളത്തില്‍ പോലീസിന് നാഥനില്ലാത്ത അവസ്ഥ. ടി.പി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിയമിക്കണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കോടതിവിധിയോടുകൂടി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം അസാധുവായിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം തല്‍സ്ഥാനത്ത് തുടരുകയാണെങ്കില്‍ അത് കോടതിയലക്ഷ്യമാകുമെന്നതാണ് വസ്തുത.
കോടതി വിധിയെ മറികടക്കാനുള്ള പലവഴികളും തേടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. സുപ്രീംകോടതിയുടെ വിധി ഉടന്‍ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ നിര്‍ദ്ദേശം പോലും വെച്ചുതാമസിപ്പിക്കുയാണ് നിലവിലെ സ്ഥിതി.
കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി താനാണെന്നാണ് ടി.പി. സെന്‍കുമാറിന്റെ അവകാശ വാദം. കോടതിവിധിക്കുശേഷം ലോക്‌നാഥ് ബെഹ്‌റയ്ക്ക് പോലീസ് മേധാവി പദവി നഷ്ടമായിരിക്കുകയാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറുദിവസത്തിനകം പുറത്താക്കപ്പെട്ട ടി.പി. സെന്‍കുമാറിന് അനുകൂലമായ പരമോന്നത കോടതിവിധി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയായിരുന്നു.
മുഖ്യമന്ത്രിക്ക് അനഭിമതനായ വ്യക്തിക്ക് പോലീസിന്റെ ചുമതല ഏല്‍പ്പിക്കിതാരിക്കാനുള്ള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

പുനര്‍ നിയമനത്തിനായി പരമോന്നത കോടതിയുടെ അനുകൂല വിധി സമ്പാദിച്ച ടി പി സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കേണ്ടതാണ്. എന്നാല്‍ തന്നെ മാറ്റിയത് മുതല്‍ പുനര്‍ നിയമനം നല്‍കുന്നത് വരെയുള്ള ഒരു വര്‍ഷക്കാലം തനിക്ക് ഡി ജി പി പദവിയില്‍ സര്‍വീസ് നഷ്ടമായതിനാല്‍ ആ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കണമെന്ന ഒരു വാദവും സെന്‍കുമാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

പോലീസിന് പാളിച്ച പറ്റിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിക്കുതന്നെ സ്ഥാനനഷ്ടമോ സ്ഥാനഭ്രംശമോ ആണ് കേരളത്തിലെ പതിവ്. അപ്പോള്‍ പോലീസ് മേധാവിയായിരിക്കുന്ന ആള്‍ തന്നെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുള്ളയാളാണെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

ഈ സാഹചര്യം എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചനകള്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ റിവ്യൂ ഹര്‍ജിയുമായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കാം. പക്ഷേ ആ ഹര്‍ജി കേള്‍ക്കുന്നതും ഈ വിധി പറഞ്ഞ ജസ്റ്റിസുമാരായ ബി ലോക്കുര്‍, ദീപക് ഗുപ്ത എന്നിവരായിരിക്കും. അതിനാല്‍ അതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.

അതേസമയം ആരാണ് ഇപ്പോള്‍ ഡി ജി പി എന്ന ആശങ്ക പോലീസുകാര്‍ക്കിടയിലും ശക്തമായി. ഡി ജി പിയായിരുന്ന ടി പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഫലത്തില്‍ സെന്‍കുമാര്‍ ഇപ്പോള്‍ പോലീസ് മേധാവിയാണെന്നാണ് വിലയിരുത്തല്‍.
വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിയമ സെക്രട്ടറിയുടെ ശുപാര്‍ശ. പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ല. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമ്പോള്‍, വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് അതും പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയില്‍ മാറ്റം വരാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീം കോടതി വിധി വന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിനു സര്‍ക്കാര്‍ നിയമനം നല്‍കാത്തതു ചര്‍ച്ചയാകുന്നതിനിടെയാണ് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തായത്. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിക്കുകയാണെന്നുമായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.

വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെന്‍കുമാര്‍ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നു വിധിപ്പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്തതും കൈമാറി. എന്നാല്‍ അദ്ദേഹത്തിന് ഇതു സംബന്ധിച്ച ഒരു മറുപടിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കൊരു ധൃതിയുമില്ലെന്നും സര്‍ക്കാര്‍ നടപടിക്കായി കാത്തിരിക്കുകയാണെന്നും സെന്‍കുമാര്‍ പ്രതികരിച്ചു.