മലയാളത്തിന്‍െറ പ്രിയപ്പെട്ട നടി ശ്വേതാമേനോന്‍ പ്രധാനവേഷത്തിലെത്തുന്ന നവല്‍ എന്ന ജുവല്‍ എന്ന സിനിമ ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.
നവാഗതനായ രഞ്ജിലാല്‍ ദാമോദരനാണ് സംവിധായകന്‍. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം ഓഗസ്റ്റ് 11നു തീയേറ്ററുകളില്‍ എത്തും.
ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തില്‍ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു. വ്യത്യസ്തമായ മേക്കോവറിലാണ് ശ്വേത ചിത്രത്തിലെത്തുന്നത്.
മലയാളിയുടെ അന്തര്‍ദേശീയ ജീവിതത്തിന്റെ കഥ പറയുന്ന ‘നവല്‍ എന്ന ജുവല്‍’ ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളിലൂടെ സമകാലിക ലോകത്തിന്റെ സാമൂഹിക രാഷ്ട്രീയ ചിത്രമാണ് പകർത്തുന്നത്.
സംവിധായകന്‍ രഞ്ജിലാലിന്റെ കഥയ്ക്ക് അധ്യാപകനായ വി. കെ. അജിത്കുമാറും രഞ്ജിലാലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാന്‍ മാത്യു ആലഞ്ചേരില്‍ നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജെയിംസും എഡിറ്റിങ് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയിയും രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രനാണ്. ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ് പശ്ചാത്തല സംഗീതം. കാവ്യമയി എഴുതി ശ്രേയ ഘോഷാല്‍ പാടിയ ‘നീലാമ്പല്‍ നിലാവോടു…’ എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ ഹിറ്റ് ചാര്‍ട്ടില്‍ എത്തിയ മലയാള ഗാനങ്ങളില്‍ ഒന്നാണ്.
സിനോയ് ജോസഫ് ശബ്ദമിശ്രണവും രംഗനാഥ് രവി ശബ്ദസംവിധാനവും. അര്‍ക്കന്‍ എസ്. കര്‍മ കലാസംവിധായകന്‍. വസ്ത്രാലങ്കാരം എസ്. ബി. സതീഷിന്റേതാണ്. ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്‌തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം. ജെ. റോഷന്‍ ചിത്രത്തിലെ രൂപമാറ്റങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മുഖം മാറ്റിമറിക്കുമ്പോഴും യഥാര്‍ഥ ഭാവങ്ങള്‍ നഷ്ടപ്പെടാതെ അവതരിപ്പിക്കാനാവുമെന്നതാണ് ഇത്തരം മേക്കപ്പിന്റെ സവിശേഷത.
സുധീര്‍ കരമന, അനു സിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍.
കേരളത്തിലും ഒമാനിലുമായി ഒരു മാസംകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറുകളും ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.













































