മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ പറയകാട് കാക്കനാട്ട് വീട്ടില്‍ മനു എന്ന് വിളിക്കുന്ന മനോജ് (26) നെ വീടിന് മുകളിലത്തെ നിലയില്‍ കഴുത്തറ്റ നിലയിലും പിതാവ് പവനന്‍ (58) നെ താഴെയുള്ള അടുക്കളമുറിയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടിനും ഒന്‍പതിനും മധ്യേയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഈ സമയം കുടുംബത്തിലെ മറ്റുള്ളവരാരും വീട്ടിലുണ്ടായിരുന്നില്ല. മയക്കുമരുന്നിന് അടിമയായ മകന്റെ ശല്യം സഹിക്കാനാവാതെയാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്ന് പവനന്‍ ആത്മഹത്യ കുറിപ്പെഴുതിയത് പൊലീസിന് ലഭിച്ചിട്ടുണ്ട്.

എക്‌സ് മിലിട്ടറിയും റിട്ട: റവന്യു ഉദ്യോഗസ്ഥനുമായിരുന്ന ചെറായി ഗൗരീശ്വരം സ്വദേശി പവനനും കുടുംബവും പറയകാട് മൂലേക്കടവ് പാലത്തിനു സമീപം പുതിയ വീട് വാങ്ങി താമസമാക്കിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. റിട്ട: അധ്യാപികയായ ഭാര്യ ലതികയും മൂത്ത മകന്‍ സൂരജും ചൊവ്വാഴ്ച ആലുവയിലുള്ള അനിയത്തിയുടെ വീട്ടില്‍ കുടുംബപരമായുള്ള പൂജയ്ക്കായി പോയിരിക്കുകയായിരുന്നു. പവനന്‍ ബുധനാഴ്ച രാവിലെ ആലുവയില്‍ എത്തിക്കോളാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞും കാണാതിരുന്നതിനെതുടര്‍ന്ന് പവനനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ലതിക ചെറായിയിലുള്ള ഭര്‍ത്താവിന്റെ അനിയന്‍ വിനയനെ വിവരം അറിയിച്ചു.

വിനയനും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതോടെ ഇയാളും മറ്റൊരു ബന്ധു ഷിബുവും ചേര്‍ന്ന് പത്ത് മണിയോടെ പറയകാടുള്ള വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കാണപ്പെട്ടത്. പവനന്‍ റവന്യൂ വകുപ്പിലും പറവൂര്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലും ജോലി നോക്കിയിട്ടുണ്ട്. സൗമ്യശീലനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമായിരുന്നു പവനനെന്ന് നാട്ടുകാര്‍ പറയുന്നു. മകന്‍ മനോജ് ഏറെ നാളുകളായി മയക്കുമരുന്നിന് അടിമയായിരുന്നു. ലഹരിമരുന്നുകള്‍ കഞ്ചാവ് മുതലായവ ഉപയോഗിക്കുന്നതും പതിവായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ മിക്കവാറും വഴക്കുണ്ടായിരുന്നതായും അച്ഛനെ കുത്താന്‍ പലപ്പോഴായി മനോജ് കത്തിയെടുത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മകനെ നന്നാക്കാനും കൂട്ടുകെട്ടുകള്‍ ഒഴിവാക്കാനുമാണ് ചെറായിയില്‍ നിന്ന് പറയകാട്ടേക്ക് താമസം മാറ്റിയത്. എന്നിട്ടും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയപ്പോഴാണ് മകനെ കൊല്ലേണ്ടിവന്നതെന്ന് അച്ഛന്റെ ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇരുനൂറ് ഗ്രാം കഞ്ചാവുമായി മനോജ് പാലക്കാട് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് വടക്കേക്കര എസ് ഐ പറഞ്ഞു.

ലതിക കൈതാരം ഗവ: വി എച്ച്എസ്എസിലെ അധ്യാപികയായിരുന്നു. വടക്കേക്കര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ മുരളി എസ് ഐ ഷോജോ വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. എറണാകുളത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും എത്തിസംഭവ സ്ഥലം പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും .