ഓഹരി സൂചികകള്‍ കുതിപ്പിലേക്ക്; അന്‍പതു ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടു

മുംബൈ: ഓഹരി സൂചികകള്‍ കുതിപ്പിലേക്ക്. രാജ്യത്തെ അന്‍പതു മുന്‍നിര ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടപ്പോള്‍, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 36,000 തൊട്ടുരുമിയാണ് വ്യാപാരം ആരംഭിച്ചത്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. ലോകത്തെ വന്‍കിട വാണിജ്യ ശക്തികളിലൊന്നായ യുഎസിലെ സാമ്പത്തിക പ്രതിസന്ധി മാറിയെന്ന സൂചനകളില്‍ കുതിച്ചുയര്‍ന്ന ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ചായിരുന്നു ഇന്ത്യന്‍ സൂചികകളുടെയും മുന്നേറ്റം.

ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ കുതിപ്പു രേഖപ്പെടുത്തി. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക് 2.06 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ് 1.72 ശതമാനം നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീന്‍ തുടങ്ങിയ കമ്പനികള്‍ 1.3 ശതമാനം നേട്ടമുണ്ടാക്കി.

ആഗോള സാമ്പത്തികരംഗത്തെ മികച്ച സൂചനകള്‍ക്കൊപ്പം ജനക്ഷേമ പരിപാടികള്‍ ബജറ്റില്‍ അധികമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും ഓഹരിവിപണിക്കു ശക്തിപകര്‍ന്നെന്നാണു സൂചനകള്‍. 2019 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമാകുമെന്ന് കഴിഞ്ഞ ദിവസം ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, സിംഫണി, ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്, എന്‍ഐഐടി, ക്രോംപ്ടന്‍ ഗ്രീവ്‌സ്, കാന്‍ ഫിന്‍ ഹോംസ് തുടങ്ങിയ കമ്പനികള്‍ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ ഇന്നു പുറത്തുവിടും.