തൃഷ പോയെങ്കില്‍ ഷംന അരവിന്ദ് സ്വാമിയുടെ ഭാര്യയാകും

ചെന്നൈ: കരാറൊപ്പിട്ട ശേഷം ചതുരംഘവേട്ടയുടെ രണ്ടാം ഭാഗത്തില്‍ അരവിന്ദ് സ്വാമിയുടെ ഭാര്യയാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് തൃഷ പോയതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഷംനകാസിമിനെ നായികയാക്കി. ‘ തനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത അവസരമാണ് ലഭിച്ചതെന്ന് ഷംന പറഞ്ഞു. അരവിന്ദ് സ്വാമിയെ പോലെ ഞാന്‍ ആരാധിക്കുന്ന ഒരു നടനൊപ്പം അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അത് സ്വപ്‌നസാക്ഷാത്കാരം മാത്രമാണ്. മറ്റ് പല ചിത്രങ്ങളും ചെയ്യാന്‍ ആലോചിച്ചിരുന്നതാണ്. അതെല്ലാം മാറ്റിവെച്ചാണ് ചിത്രത്തിനായി കരാര്‍ ഒപ്പിട്ടത്’ താരം പറഞ്ഞു. ശ്രീനിവാസ റെഡിയുടെ നായികയായി അഭിനയിച്ച ജയമോ നിശ്ചയമോ റാവു എന്ന ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്.
മറ്റൊരു സന്തോഷം കൂടി ഷംന പങ്കുവച്ചു. ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക രേഖയുടെ കൂടെ അഭിനയിക്കുന്നു. ‘ അതിന്റെ ത്രില്ലിലായിരുന്നു ഞാന്‍, അപ്പോഴാണ് അരവിന്ദ് സ്വാമിയുടെ ജോഡിയാകാന്‍ വിളിച്ചത്. മൂന്ന് തലമുറകളുടെ കഥപറയുന്ന ചിത്രത്തിലാണ് രേഖയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ രേഖയുടെ അമ്മയായാണ് ആദ്യ ഭാഗത്ത് എത്തുന്നത്. രണ്ടാം ഭാഗത്തില്‍ അഞ്ജലി എന്ന ഇന്റീരിയര്‍ ഡിസൈനറായും. മൂന്നാം ഭാഗത്തില്‍ അഞ്ജലിയുടെ ബാല്യകാലവും. ജനുവരിയിലാണ് രേഖയുമൊത്തുള്ള സീനുകള്‍ തുടങ്ങുക.’ താരം പറഞ്ഞു.
ജീവിതത്തില്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാത്തയാളാണ് ഷംന. ‘  അങ്ങനെ ചെയ്താല്‍ ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരും’ ഷംന പറഞ്ഞു. സ്ത്രിയെന്ന നിലയില്‍ പലതിനെയും നേരിട്ട് സിനിമയില്‍ നില്‍ക്കുന്നത് കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ട് മാത്രമാണെന്ന് മുസ്്‌ലിം ഫാമിയിലിയില്‍ ജനിച്ച താരം പറയുന്നു. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന സത്യവും താരം മറച്ചുവെച്ചില്ല. പലപ്പോഴും അനുജത്തി അല്ലെങ്കില്‍ രണ്ടാം നായിക അല്ലെങ്കില്‍ ഐറ്റം നമ്പരിനായിരിക്കും ഷംനയെ മലയാളസിനിമ വിളിക്കുക. പക്ഷെ, അന്യഭാഷകളില്‍ മുന്‍നിര നടിയായി താരം മുന്നേറുകയാണ്.