ആകാശത്ത് മോതിരം മാറ്റം ഭൂമിയില്‍ കല്യാണം

പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് തന്‍റെ വിവാഹം നടന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നു….. 

1995 ജൂണ്‍ 1. കേരളത്തില്‍ അധ്യായന വര്‍ഷാരംഭം. എന്റെ ജീവിതത്തിലും ഒരു പുതിയ അധ്യായത്തിന് അന്ന് ഹരിശ്രീ കുറിച്ചു. അതിരാവിലെ ഉണര്‍ന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോകുന്ന പതിവ് മുടക്കിയില്ല. അന്ന് ഞാന്‍ താമസം തിരുവനന്തപുരത്ത് ജവഹര്‍നഗറിലുള്ള സരസ്വതി നിലയം ഫ്ളാറ്റിലാണ്. രാവിലെ 11 ആയപ്പോള്‍ കാറെത്തി. ഷൂട്ടിംഗ് ആവശ്യത്തിന് ബോംബെയ്ക്ക് പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. നടന്‍ ഗണേശ്കുമാര്‍ ഓടിക്കുന്ന കാറിന്റെ മുന്‍സീറ്റീല്‍ എന്റെ ആത്മമിത്രം ബാലഗോപാലുണ്ട്. മറ്റൊരു കാറില്‍ സഹോദരതുല്യനായ തിരക്കഥാകൃത്ത് രണ്‍ജിപണിക്കര്‍. സമയം 11.30. കാര്‍ നേരെ ചെന്നു നിന്നത് നടി ആനിയുടെ കുന്നുകുഴിയിലെ വീട്ടിനു മുന്നില്‍. വീട്ടുവളപ്പില്‍ നിന്ന് കടച്ചക്ക പറിക്കാനെന്ന് ആന്റിയോട് പറഞ്ഞാണ് ആനി വീടിനു പുറത്തിറങ്ങിയത്.
കാര്‍ ഇപ്പോള്‍ സുരേഷ് ഗോപിയുടെ വീട്ടിലേക്ക്. മനസ് ശൂന്യമായിരുന്നു. രാവിലെ എണീക്കുമ്പോഴും അമ്പലത്തില്‍ പോകുമ്പോഴും ഒന്നും എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. കൂടെയുണ്ടായിരുന്നതു മുഴുവന്‍ ഫ്രണ്ട്സാണ്. രണ്‍ജി പണിക്കരാണ് പറഞ്ഞ.് കല്യാണം ഞാന്‍ നടത്തിത്തരുമെന്ന്. അല്ലെങ്കില്‍ ഞങ്ങള്‍ നടത്തിത്തരുമെന്ന്. എനിക്ക് ടെന്‍ഷനൊന്നുമില്ലായിരുന്നു. താലിക്കെട്ടുക എന്ന ജോലി മാത്രം. ബാക്കി മുഴുവനും രഞ്ജിയും സുഹൃത്തുക്കളും നോക്കി. സുഹൃത്തുക്കളിലുള്ള വിശ്വാസം അവര്‍ തെറ്റിച്ചില്ല. തട്ടിക്കൂട്ട് സിനിമ പോലായിരുന്നില്ല. റീടേക്കിന് സ്‌കോപ്പില്ലാത്ത ഒരു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍. ഓരോ സീനും സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ തന്നെയായിരുന്നു. ശാസ്തമംഗലത്തെ വീട്ടില്‍ സ്വീകരിക്കാന്‍ സുരേഷ്ഗോപിയും ഭാര്യ രാധികയും സുഹൃത്തുക്കളോടൊപ്പം തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. രജിസ്ട്രാറും എത്തി. സമയം 12.30. വരനും വധുവും പരസ്പരം വരണമാല്യമണിയിച്ചു. ഞാന്‍ ആനിക്കു താലിച്ചാര്‍ത്തി. സിന്ദൂരമണിയിച്ചു. സുരേഷ്ഗോപിയും കുടുംബവും ഗണേശ്കുമാറും ഭാര്യയും ക്യാമറാമാന്‍ ദിനേഷ് ബാബു, രണ്‍ജിപണിക്കര്‍, ആല്‍വിന്‍ ആന്റണി, ബാലഗോപാല്‍ തുടങ്ങിയവര്‍ സാക്ഷികള്‍. വിവാഹം കഴിഞ്ഞതോടെ സിനിമാരംഗത്തെ ഓരോരുത്തരായി അനുഗ്രഹിക്കാനും അഭിനന്ദിക്കാനുമായെത്തി. പ്രമുഖ പത്രസ്ഥാപനങ്ങളിലൊക്കെ രണ്‍ജി തന്നെ ഫോണ്‍ ചെയ്ത് അറിയിച്ചു. പിന്നെ ഫോണിലൂടെയും നേരിട്ടുമൊക്കെ അഭിനന്ദനപ്രവാഹം.
അവിടെ നിന്ന് ആനിയും ഞാനും എന്റെ വീട്ടിലേക്ക് പോയി. അമ്മയും അച്ഛനും ഞങ്ങളെ സ്വീകരിച്ചു, അനുഗ്രഹിച്ചു. മകന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ എനിക്ക് ആഗ്രഹമില്ലേ, നീ എന്നോട് പറയാത്തതെന്ത് എന്നായിരുന്നു അച്ഛന്റെ ഏക ചോദ്യം. പിന്നീട് വിവാഹ വിവരം അറിഞ്ഞെത്തിയ അതിഥികളെ സ്വീകരിക്കാനും മധുരം വിളമ്പാനുമെല്ലാം മുന്നിട്ടു നിന്നത് അച്ഛന്‍ തന്നെ. കാരണവരുടെ സ്ഥാനത്തു നിന്ന് എന്റെ വിവാഹം നടത്തണമെന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു. അതിനു കഴിഞ്ഞില്ല. അച്ഛനു കഴിയാതിരുന്നത് ഞാനും ആഗ്രഹിക്കാന്‍ പാടില്ല. അതുകൊണ്ട് എന്റെ കുട്ടികളുടെ വിവാഹം അവരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും. ഇനിയുള്ള തലമുറയെ കുറിച്ച് പ്രത്യേകിച്ചൊന്നും ആഗ്രഹിക്കാന്‍ പാടില്ല.
വിവാഹം കഴിഞ്ഞ് ആനിയുടെ വീട്ടില്‍ പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവിടെ സഹായത്തിനെത്തിയത് സുഹൃത്തുക്കള്‍. വേണുനാഗവള്ളിയുടെ നേതൃത്വത്തിലായിരുന്നു ഭാര്യ വീട്ടില്‍പ്പോയി വിവരം പറഞ്ഞത്. വരനും വധുവും സുരക്ഷിതരാണെന്നും ഒളിച്ചോടിയതല്ലെന്നും നിയമാനുസൃതം രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്നും അവര്‍ ആനിയുടെ വീട്ടുകാരോട് പറഞ്ഞു. എന്നാലും രണ്ടു ദിവസത്തേക്ക് അവര്‍ കടുപ്പത്തിലായിരുന്നു. മൂന്നാംദിവസം ഞങ്ങളെ വീട്ടിലേക്ക് കൂട്ടി. അപ്പവും വീഞ്ഞുമൊക്കെ തന്നു. അതോടെയാണ് ആനിക്കും കുറച്ചു ദിവസങ്ങളായി അനുഭവിച്ച ടെന്‍ഷന്‍ തീര്‍ന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ആ സമയത്ത് ഒരാളെക്കുറിച്ചേ ചിന്തിച്ചിട്ടുള്ളൂ. വീടിനെയും വീട്ടുകാരെയും കുറിച്ച് ചിന്തിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ആ ദിവസത്തെ കുറിച്ച് ആനി പറഞ്ഞത് അങ്ങനെയാണ്. കുടുംബത്തിനാണ് ആദ്യ പരിഗണന. സിനിമയ്ക്കല്ല എന്ന ആനിയുടെ തീരുമാനമാണ് അഭിനയരംഗത്തു നിന്ന് അവള്‍ പിന്മാറാനുള്ള കാരണം. നിയമാനുസൃതം വിവാഹിതരായെങ്കിലും ക്ഷേത്രത്തില്‍പോയി ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ആനി. അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം ശംഖുമുഖം ക്ഷേത്രത്തില്‍ വച്ച് ഇരു വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വീണ്ടും വിവാഹിതരായി. രണ്ടാംതാലിക്കെട്ട്. വിവാഹ ശേഷമുള്ള ആദ്യയാത്ര ഗുരുവായൂര്‍ അമ്പലത്തിലേക്കായിരുന്നു. അതിനുമുന്നേ കോഴിക്കോട്ട് ആര്യ സമാജത്തില്‍ അംഗമായി അഗ്‌നിശുദ്ധി വരുത്തി ആനി ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ കയറുന്നതിനു വേണ്ടി മാത്രമായിരുന്നു ആ ചടങ്ങ്. പലരും കരുതുംപോലെ ചിത്രയെന്ന പേര് പുതുതായി ഇട്ടതല്ല. ചിത്തിര നക്ഷത്രക്കാരിയായി ആനിയുടെ വിളിപ്പേര് ചിത്രയെന്നായിരുന്നു. ആ പേര് തുടര്‍ന്നെന്നു മാത്രം. എനിക്ക് അന്യമതം എന്ന സങ്കല്‍പ്പം പണ്ടേയില്ല. കാരണം, ക്രിസ്തുമസും ദീപാവലിയും പൂജയുമൊക്കെ ഞങ്ങളുടെ കുടുംബത്തിന് ഒരേ പോലെയാണ്. കുട്ടിക്കാലം മുതല്‍ക്കേ ക്രിസ്മസും ഈസ്റ്ററുമൊക്കെ എന്റെ കുടുംബം ആഘോഷിച്ചിരുന്നു. അന്ന് വഞ്ചിയൂരില്‍ എന്റെ വീട്ടുകാര്‍ മാത്രമായിരുന്നു ഹിന്ദുക്കള്‍. ബാക്കി മുഴുവന്‍ ക്രിസ്ത്യാനികള്‍. അന്നേ അവിടുത്തെ കൂട്ടുകാരോടൊപ്പം സ്ഥിരമായി സണ്‍ഡേ സ്‌കൂളിലും പാറ്റൂര്‍ മാര്‍തോമാ പള്ളിയിലും പോകുമായിരുന്നു. ക്രിസ്മസിന് വീട്ടില്‍ അപ്പവും സ്റ്റുവും കേക്കും വലിയ പുല്‍ക്കൂടുമൊക്കെ ഉണ്ടാക്കും. ഇപ്പോഴും സ്ഥിരമായി പരുമല പള്ളിയില്‍ ഞാന്‍ പോകാറുണ്ട്.

വിവാഹത്തിനു മുമ്പ് അമ്മയ്ക്ക് ഞാന്‍ വിവാഹം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് ചെറിയ സൂചനകള്‍ കൊടുത്തിരുന്നു. തുടര്‍ച്ചയായി വിവാഹാലോചനകള്‍ വന്നു കൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരു ചലച്ചിത്ര വാരികയില്‍ അടിച്ചു വന്ന ആനിയുടെ ഫോട്ടോ അമ്മയ്ക്ക് കാട്ടിക്കൊടുത്തു. അച്ഛനെയും കൂട്ടി അവരുടെ വീട്ടില്‍പ്പോയി പ്രൊപ്പോസ് ചെയ്യാമെന്ന് അമ്മ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. എപ്പോഴെങ്കിലും നടക്കുന്നെങ്കില്‍ നടക്കട്ടെയെന്നു മാത്രം പറഞ്ഞു. അങ്ങനെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കില്‍ ഈ വിവാഹം നടക്കില്ലായിരുന്നു എന്നെനിക്കു തോന്നി. വിവാഹത്തെക്കുറിച്ചോ പെണ്‍കുട്ടിയെ കുറിച്ചോ എനിക്ക് പ്രത്യേക സങ്കല്‍പ്പമൊന്നുമില്ലായിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടുമൊക്കെ അണിഞ്ഞുള്ള പരമ്പരാഗത കല്യാണം മാറ്റണമെന്ന് അമ്മയോട് പറയുമായിരുന്നു. ലൈറ്റ് ഷര്‍ട്ടും പാന്റ്സുമായിരുന്നു എന്റെ വിവാഹ വസ്ത്രം.
ചിത്ര പക്ഷേ പരമ്പരാഗത മാലാഖ വേഷമണിഞ്ഞ് കിരീടമൊക്കെ വച്ചുള്ള വിവാഹം കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നത്രെ. പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന, ജോലിയുള്ള ഒരാളായിരിക്കണ തന്നെ വിവാഹം കഴിക്കുന്നത് എന്നതു മാത്രമായിരുന്നു ഭാവിവരനെക്കുറിച്ച് അവള്‍ മുതിര്‍ന്നപ്പോഴുള്ള സങ്കല്‍പ്പവും ആഗ്രഹവും. എനിക്ക് ഈ രണ്ടു ഗുണങ്ങളുമുണ്ടെന്ന് അവള്‍ തട്ടിവിടാറുണ്ട്. രണ്ടു കണ്ടീഷനും പാലിക്കാന്‍ നിരന്തര പരിശ്രമത്തിലാണ് ഞാനേന്നേ എനിക്ക് പറയാനാവൂ. വിവാഹത്തിനു മുമ്പ് അമ്മയും സഹോദരിമാരുമായിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഇപ്പോള്‍ വീട്ടുകാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറേയില്ല. കുട്ടികളുടെ പഠനം തൊട്ട് കറന്റ് ബില്ല് വരെ എല്ലാം നോക്കുന്നത് അവളാണ്. എപ്പോഴും സിനിമയുമായി ബന്ധപ്പെട്ടുള്ള യാത്രകളിലായിരിക്കുന്ന എനിക്ക് അത് വലിയൊരു സപ്പോര്‍ട്ടാണ്. വീട്ടിലെ പല സ്വിച്ചുകളും എവിടെയെന്നു പോലും എനിക്ക് അറിയില്ല. കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍ക്ക് യഥാര്‍ത്ഥ കാരണക്കാര്‍ ഭര്‍ത്താക്കന്മാരാണെന്നു ഞാന്‍ പറയും. പരസ്പരം ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് താരവിവാഹങ്ങള്‍ പൊളിയാന്‍ കാരണം. മുന്‍കൈയെടുക്കേണ്ടത് ഭര്‍ത്താക്കന്മാരാണ്. അണ്ടര്‍സ്റ്റാന്‍ഡ് ചെയ്യേണ്ടതും. അതിനു കഴിഞ്ഞാല്‍ പ്രശ്നങ്ങളൊക്കെ ഒരു പരിധി വരെ പരിഹരിക്കാം.
ഞങ്ങളുടെ പ്രണയം അതീവ രഹസ്യമായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഈ ബന്ധം വാര്‍ത്തയായില്ല. വിവാഹം കലക്കികള്‍ക്കും പാരകള്‍ക്കുമൊന്നും പണി പറ്റിക്കാന്‍ കഴിഞ്ഞതുമില്ല. രുദ്രാക്ഷത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ ചിത്രയുടെ വീട്ടില്‍ വെച്ചാണ് ആദ്യം കാണുന്നത്. രുദ്രാക്ഷത്തിന്റെ സെറ്റില്‍ വച്ചും അധികമൊന്നും സംസാരിച്ചിരുന്നില്ല. അമ്മയുടെ ഷോ നടക്കുന്ന സമയത്താണ് അടുത്തു സംസാരിക്കുന്നതും നല്ല സുഹൃത്തുക്കളാകുന്നതും. സീരിയസ് അപ്രോച്ച് ആണോ എന്ന് ഞാന്‍ ചോദിച്ചു. സംസാരിച്ചാല്‍ കല്യാണം കഴിക്കേണ്ടി വരും. കാരണം ഞാന്‍ ആരോടും ഇങ്ങനെ സംസാരിച്ചിട്ടില്ല. കോളേജിലൊന്നും ഞാന്‍പ്രണയിച്ചിട്ടില്ല. പ്രണയിക്കാന്‍ അറിയില്ല. ചോക്ലേറ്റ് പ്രേമം തീരെയും. അവിടൊക്കെ ഞാന്‍ ബ്ലാങ്കാണ്. കാര്യം ഞാന്‍ രണ്‍ജിയോട് പറഞ്ഞു. സീരിയസാണെങ്കില്‍ സംസാരിക്കാമെന്ന് രണ്‍ജി പറഞ്ഞു. സീരിയസാണെങ്കില്‍ മാത്രം അപ്രോച്ച് ചെയ്താല്‍ മതിയെന്ന് രണ്‍ജി പറഞ്ഞു. ആനി ഓക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. എന്നാണ് ആനിക്ക് വിവാഹത്തിന് സൗകര്യമുള്ള ദിവസമെന്ന് പറയുക. അതുവരെ തമ്മില്‍ കാണലോ സംസാരമോ ഒന്നുമില്ല. ഇതിനിടെ തികച്ചും യാദൃശ്ചികമായി ഞങ്ങള്‍ മോതിരം കൈമാറി. ഒരു വിമാനയാത്രയ്ക്കിടയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് ഷോയ്ക്ക് പോകുകയായിരുന്നു ചിത്ര. ഞാന്‍ എന്തോ ആവശ്യത്തിന് മദ്രാസിലേക്കും. അന്ന് ആരും കാണാതെ ആകാശത്തു വച്ച് മോതിരമിട്ടു. പിന്നെ ജൂണ്‍ ഒന്നിന് ഭൂമിയില്‍ താലിക്കെട്ടു.

(റോയിമാത്യുവിനോട് പറഞ്ഞത്)