ജയലളിതയ്ക്ക് ഹിന്ദിയില്‍ ഒരു ചിത്രം: അതും സൂപ്പര്‍ ഹിറ്റ്

ചെന്നൈ: ജയലളിത ഹിന്ദിയില്‍ ഒരു സിനിമ മാത്രമാണ് അഭിനയിച്ചത് , ഇസത്ത് . 1968ല്‍ ഇറങ്ങിയ ചിത്രത്തില്‍ ഒരു ആദിവാസി യുവതിയുടെ വേഷമായിരുന്നു താരത്തിന്. ചിത്രത്തില്‍ ലതാമങ്കേഷ്കര്‍ പാടിയ പാട്ടിന് ജയലളിത ചുവട് വച്ചിട്ടുണ്ട്. ധര്‍മേന്ദ്രയാണ് ചിത്രത്തിലെ നായകന്‍. തമിഴ്- തെലുങ്ക് സംവിധായകനായ ടി. പ്രകാശ് റാവുവാണ് ജയലളിതയെ ഹിന്ദിയില്‍ അവതരിപ്പിച്ചത്. അക്കാലത്ത് അദ്ദേഹം ഹിന്ദിയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിരുന്നു. ഠാക്കൂര്‍ കുടുംബത്തില്‍ പിറന്ന യുവാവിനെ പ്രണയിക്കുന്ന കഥാപാത്രമായാണ് ജയലളിത അഭിനയിച്ചത്.
സെറ്റിലെത്തിയാല്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായിരുന്നു ജയലളിതയുടെ രീതിയെന്ന് ഇസ്രത്തിലെ നായകനായ ധര്‍മ്മേന്ദ്ര ഓര്‍മിക്കുന്നു. അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് ബാക്കിയുള്ളവരെല്ലാം ജയലളിതയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയില്ല. ചിത്രത്തില്‍ ജുംമ്കി എന്ന കഥാപാത്രം തന്റേടിയും കൂസലില്ലാത്തതുമായ സ്വഭാവക്കാരിയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജയലളിത നേരെ തിരിച്ചായിരുന്നു. ആ കഥാപാത്രത്തോട് സാമ്യമുള്ള വേഷമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷോലെയില്‍ ഹേമമാലിന് ചെയ്തത്. ധര്‍മേന്ദ്ര ഡബിള്‍ റോളില്‍ അഭിനയിച്ചു എന്ന പ്രത്യേകതയുമുണ്ട്. തനൂജയായിരുന്നു മറ്റൊരു നായിക.
ധര്‍മേന്ദ്രയ്ക്ക് പുറമേ തനൂജ, ബല്‍രാജ് സാഹിനി, മെഹമ്മൂദ് അലി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ലക്ഷ്മികാന്ത് പ്യാരേലാല്‍ ആയിരുന്നു ഈണം പകര്‍ന്നത്. പാട്ടുകളെല്ലാം ഹിറ്റായിരുന്നു. രൂക്ക് ജാ സരാ എന്ന ഗാനം പ്രത്യേകിച്ച്. അത് അന്നത്തെ കാലത്തെ ഒരു ഐറ്റം നമ്പറായിരുന്നു. ചിത്രം റിലീസായതോടെ ജയലളിതയുടെ ഡാന്‍സിനെ കുറിച്ചാണ് തെന്നിന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്തത്. പക്ഷെ, പിന്നീട് എന്തുകൊണ്ടോ താരം ബോളിവുഡിലേക്ക് പോയില്ല.