ഇതാ ഇന്നുമുതല്‍.. പഴയ സിനിമാവണ്ടിയും, നോട്ടീസും തിരികെ വരുന്നു..

പോയകാലത്തെ ഓര്‍മ്മകള്‍ പുതുക്കി സിനിമ അനൗണ്‍സ്മെന്‍റ് വാഹനവും ബ്ലാക്ക് ആന്‍റ്  വൈറ്റ് നോട്ടീസും  വീണ്ടും കേരളത്തിലെ ഗ്രാമങ്ങളിലേക്ക് എത്തുന്നു 

കൊച്ചിയിലെ പ്രശസ്ത പാട്ടുകാരന്‍ മെഹബൂബിനെക്കുറിച്ചുള്ള ചിത്രം കാപ്പിരി തുരുത്തിന്‍റെ റിലീസുമായിട്ടാണ് ഈ പുതിയ പ്രചരണ തന്ത്രം 

പേളി മാണിയും ആദിലുമാണ് കാപ്പിരി തുരുത്തിലെ നായികാ നായകന്‍മാര്‍ 

 

-അനില്‍ പെണ്ണുക്കര-

‘ഇന്ന് മുതല്‍ കോട്ടയ്ക്കല്‍ ലീനാ ടാക്കീസിന്റെ വെള്ളിത്തിരയില്‍ ആരംഭിക്കുന്നു. കാപ്പിരിത്തുരുത്ത്. ദിവസേന നാല് പ്രദര്‍ശനങ്ങള്‍. ട്വന്റി ട്വന്റി മൂവി ഇന്റര്‌നാഷനലും, സിമോഫി പ്രൊഡക്ഷന്‌സും നിര്‍മ്മിച്ച് സഹീര്‍ അലി രചനയും സംവിധാനവും നിര്‍വഹിച്ചു കുടുംബങ്ങളുടെ ഹരമായ ആദില്‍ ഇബ്രാഹിമും പേളി മാണിയും പ്രണയ ജോഡികളായി ബഹിനയിച്ച ഈ മനോഹരചിത്രം കാണുവാന്‍ എല്ലാ സിനിമാപ്രേമികളെയും കോട്ടയ്ക്കല്‍ ലീനാ ടാക്കീസിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. ദിവസേന മുന്ന് കളികള്‍’

കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിലേക്ക് കയറിവന്ന സിനിമാ വണ്ടി കണ്ടു യാത്രക്കാരും കച്ചവടക്കാരുമൊക്കെ അമ്പരന്നു. സിനിമാ വണ്ടിക്കുള്ളില്‍ നിന്ന് കാഴ്ചക്കാരുടെ ഇടയിലേക്ക് പറന്നുവീണ പഴയ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് നോട്ടീസ് .കാപ്പിരിത്തുരുത്ത് നിന്ന സിനിമയുടെ പ്രചാരണത്തിന് പുതിയ പഴയ പ്രചാരണ മാര്‍ഗം തേടുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ .സോഷ്യല്‍ മീഡിയയിലും ,ടി വി ചാനലുകളിലും പരസ്യം നല്‍കി സിനിമ പ്രൊമോട്ട് ചെയ്യുന്ന പുതിയ രീതിക്കു വിരാമമിടുകയല്ല, മറിച്ചു സാധരണ ജനങ്ങളിലേക്ക് സിനിമാ പ്രചാരണത്തെ കൊണ്ടുപോകുകയും പഴയ കാലം പുതു തലമുറയ്ക്ക് ഓര്‍മ്മപ്പെടുത്തുവാന്‍ കൂടിയാണ് ഇത്തരം പ്രചാരണം തെരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കോട്ടയ്ക്കല്‍ സ്വദേശിയയായ അഹമ്മദ് പാലപ്പറമ്പില്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു .

kappiri-4

എണ്‍പതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ എല്ലാ വെള്ളിയാഴ്ചയും ഗ്രാമങ്ങളിലൂടെ കടന്നുവരുന്ന സിനിമാവണ്ടി മലയാളിക്ക് എന്നും നൊസ്റ്റാള്‍ജിയ തന്നെ . എത്ര ടി.വി ചാനലുകള്‍ വന്നാലും അതല്ല ഇനി സോഷ്യല്‍ മീഡിയ വന്നാലും ഈ വാഹനത്തിനും, ഈ ബ്‌ളാക് ആന്‍ഡ് വൈറ്റ് നോട്ടീസിനും ഇന്നും കേരളത്തില്‍ ഒരു ഇടമുണ്ട് എന്ന് മനസിലായി. പുതിയ തലമുറ സിനിമാ വണ്ടിക്കു പിറകെ ഓടിനടന്നത് പഴയതലമുറ അല്പം അസുയയോടെയാണ് നോക്കി നിന്നത് എന്ന് അഹമ്മദ് പറയുന്നു. ഒരു ജീപ്പിനു മുകളില്‍ ഓല മേഞ്ഞു തയാറാക്കിയ മേല്‍ക്കൂരയ്ക്ക് മുന്‍പില്‍ ഉച്ചഭാഷിണികള്‍,ജീപ്പിനു ഇരു വശവും മറച്ച പനമ്പുകള്‍ക്കു മുകളിലായി പോസ്റ്റര്‍ ഒട്ടിച്ച ബോര്‍ഡുകള്‍ .എല്ലാം കൊണ്ട് പഴയ സിനിമാവണ്ടി താരമായി.വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയ്ക്ക് കേരളത്തിലാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .കാപ്പിരിത്തുരുത്തിന്റെ പ്രിവ്യു നടന്നത് കോട്ടയ്ക്കലായിരുന്നു.

സ്വാതന്ത്രത്തിനു ശേഷം കൊച്ചിയുടെ മെഹബൂബ് എന്ന് പാട്ടുകാരനും ഒപ്പം അദ്ദേഹത്തിന്റെ ഒരുപാട് ശിഷ്യമാരില്‍ ഒരാളുമായ സമോവര്‍ സതാശിവം എന്ന കഥാപാത്രത്തിലൂടെയാണ് കാപ്പിരി തുരുത് കടന്നു പോകുന്നത് . മെഹബൂബിന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ വളരെ കൂടുതലായിട്ടും അദ്ദേഹത്തിന്റെ മരണവും കൂടാതെ സമോവര്‍ സതാശിവന്റേയും മറിയാമി എന്ന അറിയപ്പെടുന്ന ജൂത പെണ്ണും സമോവറിന്റെ ഭാര്യയുമായ യാമിയിടെയും കഥ പറഞ്ഞാണ് ഒരു മണിക്കൂര്‍ 50 മിനുട്ട് ഉള്ള കാപ്പിരി തുരുത് മുന്നോട്ട് പോകുന്നത്.

കൊച്ചിയില്‍ താമസിക്കുന്ന ഒരു ജൂത പെണ്‍കുട്ടിയുടെ വേഷമാണ് പേളി അവതരിപ്പിക്കുന്നത്. ആദില്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും  ജൂതന്മാര്‍ക്കിടയിലെ വിവേചനവുമെല്ലാം ചേര്‍ന്നതാണ് ചിത്രം. സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ട്വന്റി ട്വിന്റി മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അഹമ്മദ് പറമ്പിലും അബുബക്കര്‍ ഇടപ്പള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസിന്റെ ജോ ആന്റ് ദ ബോയ് എന്ന ചിത്രത്തിലാണ് പേളി ഒടുവിലായി അഭിനയിച്ചത്. കല്യാണ വൈഭോഗമേ, ടീം ഫൈവ്, പ്രേതം തുടങ്ങിയവയെല്ലാം പേളി മാനിയുടെ ഈ വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങളാണ്.കൊച്ചി സമ്മാനിച്ച അനശ്വര ജനകീയ ഗായകന്‍ മെഹബൂബിന്റെയും പുരാതന കൊച്ചിയുടെയും കഥയാണ് ചിത്രം പറയുന്നത്.