ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ഇടത്- വലത് മുന്നണി നേതാക്കളും സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു

 

സഭാ സെക്രട്ടറി ജോര്‍ജ് ജോസഫിനെതിരെ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോ മത്സരിച്ചേക്കും

വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവും എതിരാളികള്‍ വീണ്ടും ചര്‍ച്ചയാക്കുന്നു

ജോര്‍ജ് മുത്തൂറ്റിനെതിരെ സ്ഥാനാര്‍ഥിയായി മുത്തൂറ്റ് കുടുംബത്തില്‍നിന്ന് ആളെ ഇറക്കാന്‍ നീക്കം

സഭയെ ഇടതു പാളയത്തില്‍നിന്ന് മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചില മെത്രാന്‍മാരെ കൂട്ടുപിടിക്കുന്നു

-ഹരി ഇലന്തൂര്‍-

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളും അണിയറനീക്കവും സജീവമായി. തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ക്ക് അഞ്ച് വര്‍ഷമാണ് കാലാവധി. ആദ്യഘട്ടത്തില്‍ ഇടവക പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി അടുത്ത ഘട്ടം മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പാണ്. ഫെബ്രുവരിയില്‍ ഭദ്രാസനതലത്തിലുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇതിനുശേഷം മാര്‍ച്ചില്‍  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയത്ത് ചേരും. 4500 പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളത്. ഇവരില്‍ നിന്നാണ് സഭയുടെ വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി എന്നിവരെ തെരഞ്ഞെടുക്കുന്നത്. 50 ശതമാനം വോട്ട് ലഭിക്കുന്ന ആളിനെ വിജയിയായി പ്രഖ്യാപിക്കും.

വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് എം.ഒ ജോണ്‍, ഒ. തോമസ്, സജി അമയില്‍ എന്നിവരാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അതേസമയം നിലവിലെ ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് ഇതുവരെ മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.

അത്മായ ട്രസ്റ്റിയായി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് എം.ജി ജോര്‍ജ് മുത്തൂറ്റാണ്. ജോര്‍ജ് മുത്തൂറ്റിനെ വെട്ടാനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുത്തൂറ്റ് കുടുബത്തില്‍ നിന്ന് ഒരാളെ എതിരെ നിര്‍ത്താനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ റോയി മാത്യു മുത്തൂറ്റ് ആയിരുന്നു ഇദ്ദേഹത്തിനെതിരെ മത്സരിച്ചത്.

ജോര്‍ജ് ജോസഫ്, ബാബുജി ഈശോ
ജോര്‍ജ് ജോസഫ്, ബാബുജി ഈശോ

 

എപ്രില്‍ ആദ്യത്തോടെ ചേരുന്ന മാനേജിംഗ് കമ്മിറ്റി സഭാ സെക്രട്ടറിയെ തെരഞ്ഞടുക്കും. നിലവിലെ സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാമ്പത്തിക ക്രമക്കേടും സഭയുടെ അക്കൗണ്ടില്‍ ഭാര്യ വീണ ജോര്‍ജിന് അറന്മുള നിയമസഭ മണ്ഡലത്തില്‍ സീറ്റ് വാങ്ങിക്കൊടുത്തതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഓര്‍ത്തഡോക്‌സ് സഭയെ ഇടത് പാളയത്തിലെത്തിച്ചതിന് പിന്നില്‍ ജോര്‍ജ് ജോസഫിന്റെ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് പരക്കെ ആക്ഷേപം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കാതോലിക്കാ ബാവയെയും തമ്മില്‍ തെറ്റിച്ചതിന് പിന്നില്‍ ജോര്‍ജ് ജോസഫാണെന്ന് പറയപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്ന സഭയിലെ മെത്രാന്‍മാര്‍ ജോര്‍ജ് ജോസഫിനെതിരെ പരസ്യമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലാണ് ജോര്‍ജ് ജോസഫിനെതിരെ കരുക്കള്‍ നീക്കുന്നത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്ന ജോര്‍ജിനെതിരെ ഈ അടുത്ത കാലത്ത് വിജിലന്‍സില്‍ പരാതി വന്നതിന് പിന്നില്‍ സഭയിലെ ചില പ്രമുഖരാണെന്ന ആക്ഷേപവും ശക്തമാണ്. വീണ ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായ പല രേഖകളും ചോര്‍ത്തി നല്‍കിയത് സഭയിലെ ചില പ്രമുഖരാണെന്ന് ജോര്‍ജിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോയും കേരള കോണ്‍ഗ്രസ് നേതാവും സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ബിജു ഉമ്മനും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. സഭാ സെക്രട്ടറിയായിതിനു ശേഷം യു.ഡി.എഫ് ടിക്കറ്റില്‍ പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനാണ് ബാബുജി ശ്രമിക്കുന്നത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ വോട്ടറായിട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കാതെ സഭയുടെ വികാരങ്ങള്‍ക്കൊപ്പമാണ് ബാബുജി ഈശോ നിലകൊണ്ടതെന്ന് പരക്കെ ആക്ഷേപമുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ശിവദാസന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുണ്ടായ കാലുവാരലുകള്‍ക്ക് പിന്നില്‍ ബാബുജിക്കും പങ്കുണ്ടായിരുന്നതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. രമേശ് ചെന്നിത്തലയുടെ സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസുകാരായ സഭ വിശ്വാസികളെ സ്വാധീനിക്കാനാണ് ബാബുജി ശ്രമിക്കുന്നത്.

ബിജു ഉമ്മന്‍ കഴിഞ്ഞ രണ്ട് പ്രാവശ്യവും സഭാ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഭദ്രാസനാ തലത്തില്‍ നിന്ന് തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ കാതോലിക്കാ ബാവക്ക് 20 അംഗങ്ങളെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാം. കൂടാതെ സഭയിലെ 27 ബിഷപ്പുമാര്‍ക്കും വേട്ടവകാശമുണ്ട്. ബാവ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളില്‍ നിന്ന് സഭയിലെ ചില പ്രമുഖര്‍ കോഴ ആവശ്യപ്പെടുന്നതായി ഒരു വിഭാഗം അരോപണം ഉന്നയിക്കുന്നുണ്ട്. അടുത്ത മാസത്തോടെ മത്സരചിത്രം വ്യക്തമാകും.