ആര് ആരെ സല്യൂട്ട് ചെയ്യണം; പമ്പയില്‍ എ.ഡി.എമ്മും അസി. കമാന്‍ഡന്റും തമ്മില്‍ തര്‍ക്കം

 

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പമ്പയിലെത്തിയ പത്തനംതിട്ട എ.ഡി.എമ്മിനോട് പോലീസ് അസിസ്റ്റന്റ് കാമാന്‍ഡന്റ് അപമര്യാദയായി പെരുമാറിയതായി പരാതി. എ.ഡി.എം അനു എസ് നായര്‍ ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജയ്ക്ക് പരാതി നല്‍കി. അസി. കമാന്‍ഡന്റ് എസ് ബൈജുവിനെതിരെയാണ് പരാതി.

പമ്പയില്‍ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ദുരന്തനിവാരണ സേനയുടെ ഓഫീസിലായിരുന്നു സംഭവം. ഗണപതിക്ഷേത്രത്തിന് സമീപം തിരക്ക് നിയന്ത്രിക്കാന്‍ ഭക്തരെ വടംകെട്ടി തഞ്ഞ് നിര്‍ത്തിയിരിക്കുന്നതിനിടെയാണ് എ.ഡി.എം ദുരന്തനിവാരണ ഓഫീസലേക്കെത്തിയത്. ഈ സമയം അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്. അവിടെ വിശ്രമിക്കുകയായിരുന്നു. കസേരയ്ക്ക് മേല്‍ കാല്‍ കയറ്റി വച്ച് ടിവി കണ്ടുകൊണ്ടിരുന്ന അസി. കമാന്‍ഡന്റിനോട് താങ്കള്‍ ആരാണെന്നും ഇവിടെ എന്ത് കാര്യമെന്നും എ.ഡി.എം ചോദിച്ചു. എന്നാല്‍ ഇത് ചോദിക്കാന്‍ നീ ആരെന്നായിരുന്നു കമാന്‍ഡന്റിന്റെ മറുപടി. എ.ഡി.എം ആണെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് താന്‍ ഇവിടെയെത്തിയതെന്നും അനു എസ്. നായര്‍ അറിയിച്ചു.

ഇതിനിടെ എന്റെ യൂണിഫോം കണ്ടാല്‍ ഞാന്‍ ആരാണെന്ന് മനസിലാകില്ലേയെന്നായി കമാന്‍ഡന്റ്. എ.ഡി.എമ്മിനേക്കാല്‍ ശമ്പളം വാങ്ങിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ കസേരയില്‍ നിന്നെഴുന്നേറ്റ് സല്യൂട്ട് ചെയ്യേണ്ട കാര്യമില്ലെന്നും ബൈജു പറഞ്ഞു. ഇത് ദുരന്തനിവാരണ വിഭാഗത്തിന്റെ ഓഫീസാണെന്നും തനിക്കിവിടെ എന്ത് കാര്യമെന്ന് എ.ഡി.എം തിരിച്ച് ചോദിപ്പോള്‍ താന്‍ പോയി പണി നോക്കടോയെന്നതായിരുന്നു അസി. കമാന്‍ഡന്റിന്റെ മറുപടിയെന്നും എ.ഡി.എമ്മിന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

എ.ഡി.എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പമ്പ സ്പഷല്‍ പോലീസ് ഓഫീസര്‍ ബൈജുവിനോട് വിശദീകരണം തേടി. എന്നാല്‍ ഡ്യൂട്ടി ചെയ്ത് ക്ഷീണിച്ചതിനെത്തുടര്‍ന്ന് വിശ്രമിക്കാനാണ് ദുരന്തനിവാരണ ഓഫീസില്‍ കയറിയതെന്നും എ.ഡി.എമ്മിനോട് മോശമായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു അസി. കമാന്‍ഡന്റിന്റെ മറുപടി.