മുത്തേ പിണങ്ങല്ലേ… ഞാന്‍ കെട്ടിക്കോളാം

ആക്ഷന്‍ ഹീറോ ബിജുവിലെ ഗായകനും നടനുമായ അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നു. മലയളക്കരയാകെ ആരാധകരെ സൃഷ്ടിക്കുകയും തരംഗമാവുകയും ചെയ്ത മുത്തേ പൊന്നേ പിണങ്ങല്ലേ ! എന്ന ഗാനത്തിലൂടെ ലക്ഷകണക്കിന് സിനിമ പ്രേമികളെ കോള്‍മയിര്‍ കൊള്ളിച്ച അരിസ്റ്റോ സുരേഷ് 48-ാം വയസ്സില്‍ വിവാഹിതനാവാന്‍ പോകുന്നു എന്ന വാര്‍ത്ത അന്താരാഷ്ട്ര ഫിലിം മേളയിലെ മുഖ്യ ചര്‍ച്ചാവിഷയമാണ്.

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പതിവു ചിരിയോടെ മറുപടി വന്നതിങ്ങനെ: ‘ഒരു പെണ്‍കുട്ടിയുമായി സൗഹൃദം ഉണ്ട്. വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരു വര്‍ഷത്തെ സമയം വേണമെന്ന് പറഞ്ഞു. ഒരു കൊല്ലം കഴിഞ്ഞ് എന്നെ ഇഷ്ടപ്പെട്ടില്ല എന്നാണ് പറയുന്നതെങ്കിലോ എല്ലാം വെറുതയായില്ലേ. അതിനാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നു ഒ.കെ വരട്ടെ. ബാക്കി അപ്പോള്‍ ആലോചിക്കാം.’ എറണാകുളം സ്വദേശിനിയായ സുരേഷിന്റെ കൂട്ടുകാരി ഒരു അന്താരാഷ്ട്ര ഫുഡ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരാണ്. വാട്ട്‌സ് ആപ്പിലൂടെയുള്ള പരിചയം സൗഹൃദമാവുകയായിരുന്നു. സുരേഷിന്റെ പാട്ടിന്റെ ആരാധികയും വിമര്‍ശകയുമാണ് കൂട്ടുകാരി. അഞ്ച് സഹോദരിമാരുള്ളതിനെ സുരേഷ് നേരത്തെ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. ജീവിത്തിലെ ഓരോ തിരക്കുകള്‍ക്കിടയില്‍ കല്യാണം കഴിക്കാന്‍ മറന്നു പോയെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും സുരേഷ് തുറന്നു പറഞ്ഞിരുന്നു.

സുരേഷിന്റെ ഫോണിന് രണ്ടു മൂന്നു ദിവസമായി വിശ്രമമില്ല. വധുവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചുള്ള വിളിയാണ്. വെറുതേ പറഞ്ഞൊരു വാക്ക് ഇത്ര പൊല്ലാപ്പാകുമെന്ന് സുരേഷ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. കല്യാണമൊന്നും തീരുമാനം ആയിട്ടില്ല. ടാഗോറില്‍ വച്ച് എന്റെയൊരു സുഹൃത്ത് നിനക്ക് കല്യാണം കഴിക്കണ്ടേടാ എന്നു ചോദിച്ചപ്പോള്‍ വേണം, അതൊക്കെ നോക്കുന്നുണ്ട് എന്ന് പറഞ്ഞു. അടുത്ത ജൂണിലോ ഡിസംബറിലോ നടക്കുമെന്നും കളിയായി പറഞ്ഞു. അതാണ് ഇത്ര വലിയ ആഘോഷമായി മാറിയത്. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്ത ശേഷം മാത്രമേ വിവാഹം കഴിക്കൂ. അത് എന്റെ മനസ്സിലെ ഉറച്ച തീരുമാനമാണ്. അടുത്ത ജൂണിലാണ് എന്റെ സ്വന്തം സിനിമ തുടങ്ങുക. വിവാഹം ഉണ്ടെങ്കില്‍ തന്നെ അതിനു ശേഷം മാത്രം എന്നും സുരേഷ് പറഞ്ഞു.

കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമയുടെ തിരക്കഥാ രചനയുടെ തിരക്കിലാണ് സുരേഷ്. ചിത്രത്തിനായി ഒരു നിര്‍മ്മാതാവും മുന്നോട്ടു വന്നിട്ടുണ്ട്. നിലവില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസന്‍ നായകനാകുന്ന പൂമരത്തില്‍ കാന്റീന്‍കാരനായി അഭിനയിക്കുന്നുമുണ്ട്.