സ്റ്റൈലിഷ് ഗെറ്റപ്പിൽ എഡ്ഡിയായി മമ്മൂട്ടി എത്തി

തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊല്ലം ഫാത്തിമ മാതാ കൊളേജാണ് പ്രധാന ലൊക്കേഷൻ.

കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്നാണ് മുഴുവൻ പേര്. ഇംഗ്ലീഷ് പ്രൊഫസറാണ്.

കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അതേ കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോൾ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാർത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതു കൊണ്ടു തന്നെയാണ് എഡ്ഡിയെ പ്രിൻസിപ്പൽ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്.

ഭവാനി ദുർഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും  ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തിൽ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്. ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, മഹിമ നമ്പ്യാർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ മുൻ പ്രവാസിയായ സി എച്ച് മുഹമ്മദ് കോടികൾ ചെലവിട്ട് നിർമിക്കുന്നു. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.