മലയാള മനോരമക്കെതിരെ കത്തോലിക്ക പള്ളികളില്‍ ലഘുലേഖ വിതരണം

മനോരമ പത്രം ബഹിഷ്‌കരിക്കാന്‍ ഹൈറേഞ്ചില്‍ ആഹ്വാനം. 

മനോരമയുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവ്.

മാപ്പ് പറഞ്ഞിട്ടും വിശ്വാസികളും ഒരു പറ്റം വൈദികരും മനോരമക്കെതിരെ തെരുവിലിറങ്ങുന്നു.

മനോരമയിലെ ജോലി ഉപേക്ഷിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം

സഭയിലെ പെണ്‍കുട്ടികളെ വൈദികര്‍ പീഡിപ്പിച്ചപ്പോള്‍ ഈ വിശ്വാസികള്‍ എന്തേ തെരുവിലിറങ്ങിയില്ലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍.

വികാരം പൊട്ടിയൊലിക്കുന്ന അച്ചന്‍മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നു കൊടുക്കുന്ന കടുക്കാവെള്ളത്തിന്റെ അളവ് കൂട്ടണമെന്നും ബെന്യാമിന്‍.

ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ വികലമാക്കി മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ചിത്രത്തിനും മനോരമയ്ക്കുമെതിരെ ഇന്നലെ (ഞായറാഴ്ച) ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ലഘുലേഖ വിതരണം ചെയ്തു. പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) മാധ്യമ വിഭാഗം മുന്‍ തലവനും ഇടുക്കി രൂപതയിലെ വൈദികനുമായ ഫാദര്‍ ജോസ് പ്ലാച്ചിക്കല്‍ തയ്യാറാക്കിയ ലഘുലേഖയാണ് പള്ളിക്കൂട്ടായ്മയില്‍ വിതരണം ചെയ്തത്. ഡിസംബര്‍ ആദ്യ വാരം ഇറങ്ങിയ ഭാഷാപോഷിണിയിലാണ് ലേഖനത്തിനൊപ്പം ടോമി വട്ടക്കുഴി വരച്ച ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്റെ സ്ഥാനത്ത് കന്യാസ്ത്രിയുടെ നഗ്നമേനിയും ശിഷ്യരുടെ സ്ഥാനത്ത് 12 കന്യാസ്ത്രികളെയും വരച്ചു ചേര്‍ത്തിരിക്കുന്നു. വിശ്വാസികളുടെ പെസഹ അനുഭവത്തെയും വിശുദ്ധ കുര്‍ബാനയും ആദ്ധ്യാത്മിക അടിത്തറയും വിരൂപമാക്കി അപമാനിച്ചുവെന്ന് ലഘുലേഖയില്‍ പറയുന്നു. എന്തു കാണിച്ചാലും ക്രിസ്തീയ സഭകള്‍ പ്രതികരിക്കില്ലായെന്ന എന്ന മനോരമയുടെ ഭാവത്തിനെതിരെ പ്രതികരിക്കണം. വിശ്വാസികളെ അപമാനത്തിന്റെ പടുക്കുഴിയിലേക്ക് തള്ളിയ ഈ പത്രത്തെയും വിവിധ പ്രസിദ്ധീകരണങ്ങളെയും കുടുംബം, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫാദര്‍ ജോസ് പ്ലാച്ചിക്കലിന്റെ ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നു. മനോരമയിലെ ചിത്രത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ സാഹിത്യകാരനായ ബെന്യാമിന്‍ രംഗത്തു വന്നു.

ബെന്‍യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
ബെന്‍യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഇതേ പുരോഹിതന്മാര്‍ പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി എത്ര വിശ്വാസികള്‍ എത്രവട്ടം തെരുവിലിറങ്ങിയെന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണേ്രത കഷ്ടം!’ എന്ന് ബെന്യാമിന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘മാതാഹരി എന്ന നര്‍ത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തിലെത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോമി വട്ടക്കുഴി ചിത്രം വരച്ചത്. അതില്‍ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്നും കൊടുക്കുന്ന കടുക്കാവെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും’ ബെന്യാമിന്റെ പോസ്റ്റില്‍ പറയുന്നു.

മനോരമക്കെതിരെ വ്യാപകമായ പ്രചരണമാണ് കത്തോലിക്ക സഭയും ഒരു സംഘം പുരോഹിതന്മാരും അഴിച്ചു വിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ പത്രമെന്ന് അഭിമാനിക്കുന്ന മനോരമയുടെ സര്‍ക്കുലേഷന്റെ അടിത്തറ ഇളക്കുന്ന രീതിയിലാണ് സഭയിലെ ഒരു വിഭാഗം പുരോഹിതന്മാരുടെ നീക്കം. മനോരമ ഏജന്‍സി നിര്‍ത്തലാക്കി കൊണ്ടുള്ള കത്തോലിക്കലായ ഏജന്റുമാരുടെ കത്തുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. മനോരമയുടെ വിവിധ ഓഫീസുകളില്‍ ഫോണിലൂടെ വരുന്ന ഭീഷണികള്‍ക്കും തെറിവിളികള്‍ക്കും കുറവില്ല. മനോരമയിലെ ജോലി ഉപേക്ഷിക്കണമെന്നു വരെ വിശ്വാസികളോട് ആഹ്വാനമുള്ളതായി അറിയുന്നു. മനോരമ ബഹിഷ്‌കരിച്ച് സഭയുടെ ഔദ്യോഗിക പത്രമായ ‘ദീപിക’ വരിക്കാരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.