കരീനയ്ക്ക് ആണ്‍കുട്ടി; പേര് തൈമൂര്‍ അലിഖാന്‍ പട്ടോഡി

മുംബയ്: ബോളിവുഡ് താരജോഡികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും ഒരാണ്‍കുഞ്ഞ് പിറന്നു. തൈമൂര്‍ അലിഖാന്‍ പട്ടോഡി എന്നാണ് കുഞ്ഞോമനയുടെ പേര്. കുഞ്ഞിന് വേണ്ടി മുംബയിലെ വീട്ടില്‍ പ്രത്യേക നഴ്‌സറിതന്നെ താരങ്ങള്‍ ഒരുക്കി. റിതാക്ഷി അറോറയാണ് ഇത് ഡിസൈന്‍ ചെയ്തത്. വെള്ള പൂശിയ ചുമരുകളും ഇന്റീരിയര്‍ ഡിസൈനും സെയ്ഫാണ് ചെയ്തത്. കുട്ടി ജനിച്ചുടനെ സെയ്ഫ് ട്വിറ്ററിലൂടെ പേരും പുറത്ത് വിട്ടിരുന്നു. അതോടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പേരിന്റെ അര്‍ത്ഥത്തെ കുറിച്ചായി. തൈമൂര്‍ എന്നാല്‍ ഇരുമ്പ് എന്നാണ് അര്‍ത്ഥം. ഇതൊരു അറബി വാക്കാണ്. പേര്‍ഷ്യയില്‍ ടിമുറിഡ് സാമ്രാജ്യം സൃഷ്ടിച്ചയാളാണ് തൈമൂര്‍.

കുട്ടിയുടെ വ്യാജ ഫോട്ടോ വൈറലായി

തൈമൂര്‍ ജനിച്ചയുടന്‍ കരീനയ്‌ക്കൊപ്പം കിടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. എന്നാലിന് വ്യാജ ഫോട്ടോയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞ് തൈമൂര്‍ പിറന്നത്. ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ താരദമ്പതികള്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഒന്‍പത് മാസം മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഇരുവരും നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ്, പുതുവല്‍സര ആശംസകള്‍ നേരാനും ഇരുവരും മറന്നില്ല. ആദ്യ ഭാര്യ അമൃതാ സിംഗില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമാണ് സെയ്ഫ് അലിഖാന്‍ കരീനാ കപൂറിനെ പ്രണയിച്ചത്. 2012ലായിരുന്നു വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടനായിരുന്ന മണ്‍സൂര്‍ അലിഖാന്‍ പട്ടോഡിയുടെയും നടി ഷര്‍മിള ടഗോറിന്റെയും മകനാണ് സെയ്ഫ്. ബോളിവുഡ് നടന്‍ രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും മകളാണ് കരീന. നടി കരീഷ്മാ കപൂര്‍ ചേച്ചിയാണ്.