സുരേഷ്‌ഗോപിക്കെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

സുരേഷ് ഗോപി എംപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ഇടത്-വലത് സംഘടനകള്‍ തടസ്സം നില്‍ക്കുന്നു, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ല എന്ന് തുടങ്ങി മുംബൈയില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. സുരേഷ് ഗോപി രാഷ്ട്രീയ പക്വത കാണിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കുറിച്ചു. സുരേഷ് ഗോപിയുടെ “മാക്രിക്കൂട്ടം” പരാമര്‍ശത്തേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബിജെപി കേരള നേതൃത്വം അഭിനയിക്കുകയാണെന്നാണോ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

[fb_pe url=”https://www.facebook.com/PinarayiVijayan/posts/1374026322689194″ bottom=”30″]

പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

Dear Suresh Gopi please exercise political maturity and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. ‘മാക്രിക്കൂട്ടം’ തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളിൽ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.