കോടിയേരി-പിണറായി പോര് മുറുകുന്നു

സക്കീര്‍ മഹാനെന്ന് കോടിയേരി; അയാള്‍ റൗഡിയെന്ന് പിണറായി, പാര്‍ട്ടിയും സര്‍ക്കാരും രണ്ടുവഴിക്ക്

മലയിന്‍കീഴ് ശ്രീജിത്ത് കുമാര്‍

കൊച്ചിയിലെ ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന സി.പി.എം എറണാകുളം ജില്ലാക്കമ്മിറ്റിയംഗവും കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈന്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് 14 കേസില്‍ പ്രതിയായതെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സക്കീര്‍ ഹുസൈനെതിരെ തികച്ചും വ്യത്യസ്തമായ നിലപാടാണ് ആഭ്യന്തരവകുപ്പ് കോടതിയില്‍ സ്വീകരിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ റൗഡിയാണെന്ന് സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇയാള്‍ റൗഡിയും സ്വാധീനമുള്ള വ്യക്തിയുമായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. 14ലധികം ക്രിമിനല്‍ കേസുകളില്‍ സക്കീര്‍ ഹുസൈന്‍ പ്രതിയാണെന്നും പൊലീസ് ആരോപിക്കുന്നു.
പൊലീസിന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായി ഖണ്ഡിച്ചുകൊണ്ടാണ് കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനം. ‘കേസുകളെല്ലാം ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് സി.പി.ഐ.എം പ്രവര്‍ത്തകരെ യു.ഡി.എഫ് സര്‍ക്കാര്‍ കാപ്പാ നിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസ ഭരണനയത്തിന്റെ ഭാഗമായാണ് സി.പി.ഐ.എം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസുകളില്‍ പ്രതിയാക്കിയത്’. (ദേശാഭിമാനി -11 നവംബര്‍)
സക്കീര്‍ ഹുസൈനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും അയാള്‍ പാര്‍ട്ടിയുടെ ഉത്തമനായ പ്രവര്‍ത്തകനാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറിയെ പാടെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്.
പാര്‍ട്ടി സെക്രട്ടറിയെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് കരുതേണ്ടിവരും. അല്ലെങ്കില്‍ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പാര്‍ട്ടിയുടെ ഉന്നതരുമായി അടുപ്പം സൂക്ഷിക്കുന്ന സക്കീര്‍ ഹുസൈന്‍ റൗഡിയാണെന്ന് പ്രയോഗം നടത്താന്‍ പൊലീസ് ഒരിക്കലും മുതിരില്ല. പിണറായിയുടെ പൂര്‍ണ്ണ അറിവോടും പിന്തുണയോടുമായിരിക്കും പൊലീസ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിക്കുക.
മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ പാര്‍ട്ടിയുടെ മധ്യനിരയിലുള്ള ഒരു നേതാവിനെതിരെ ‘റൗഡി പ്രയോഗം’ നടത്താന്‍ സി.പി.എം ഭരിക്കുമ്പോള്‍ ഒരു പൊലീസുകാരനും തയ്യാറാവില്ല. പൊലീസിന്റെ റൗഡിപ്രയോഗം മുന്‍കൂട്ടി അറിഞ്ഞാണ് കോടിയേരി ബാലകൃഷ്ണന്‍ സക്കീര്‍ ഹുസൈനെ പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ട് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയത്.
തന്നോടാലോചിക്കാതെ സര്‍ക്കാരും പിണറായിയും ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന പരിഭവവും പരാതിയും കോടിയേരിയുടെ ലേഖനത്തിലുണ്ട്.
സര്‍ക്കാരും പാര്‍ട്ടിയും രണ്ട് വഴിക്കാണ് നീങ്ങുന്നതെന്ന് പ്രതീതി ഉണ്ടായിട്ടുണ്ട്. വടക്കാഞ്ചേരി പെണ്‍വാണിഭസംഭവത്തിലും സര്‍ക്കാര്‍ നിലപാടിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നാണ് നേതാക്കളുടെ പല പ്രസ്താവനകളും സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ചില ശിങ്കിടികളും ചേര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ അവഗണിക്കുയാണെന്നും പിണറായിയുടെ ഇമേജും താരമൂല്യവും കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് പ്രതീതി പരക്കെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ പരന്നിട്ടുണ്ട്.
പാര്‍ട്ടിയുടെ അധീനതയിലുള്ള കൈരളി ചാനലിലെ ഒരുസംഘം ആള്‍ക്കാര്‍ ചേര്‍ന്ന് ന്യൂസ് പോര്‍ട്ടലുണ്ടാക്കി പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ പടച്ചുവിടുന്നു എന്ന ആരോപണം വായുവില്‍ നില്‍ക്കുന്നതിനിടെയിലാണ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം. രാജീവിനെ സമാന്തര മാധ്യമ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണം നിയന്ത്രിച്ചിരുന്ന പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി. ആസ്ഥിതിക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും കൈപ്പിടിയില്‍ പൂര്‍ണ്ണമായി ഒതുക്കിവെച്ചിരിക്കുന്ന മുഖ്യമന്ത്രിയാണ് ഭരണത്തിലെന്ന് പ്രത്യേകതയും ഇപ്പോഴുണ്ട്.
പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള അടിവരും ദിവസങ്ങളില്‍ മൂക്കുമെന്നുറപ്പാണ്.