പ്രിഥ്വിരാജ് നായകനായി ബ്ലെസിയുടെ ആടുജീവിതം; ചിത്രീകരണം നവംബറില്‍ ആരംഭിക്കും

സിനിമയുടെ ഏറിയപങ്കും ഷൂട്ട് ചെയ്യുന്നത് ദുബായിലും ഖത്തറിലുമാണ്

ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറല്‍ ആരംഭിക്കും. ചിത്രത്തിലെ നായകകഥാപാത്രം നജീബായി അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്.
സംവിധായകന്‍ ബ്ലെസി അടുത്തമാസം ആദ്യം ഖത്തറിലേക്ക് പോകും.

നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ആടുജീവിതത്തിന്റെ ലൊക്കേഷന്‍ തേടിയാണ് യാത്ര. രണ്ടുമാസം മുമ്പ് ഇതേ ആവശ്യവുമായി ബ്ലെസി ദുബായും സന്ദര്‍ശിച്ചിരുന്നു. ഖത്തര്‍ യാത്ര കൂടി പൂര്‍ണ്ണമാകുന്നതോടെ ആടുജീവിതത്തിന്റെ ലൊക്കേഷനെ സംബന്ധിച്ച് കൃത്യത കൈവരുമെന്ന് ബ്ലെസി പറഞ്ഞു.

സിനിമയുടെ ഏറിയപങ്കും ഷൂട്ട് ചെയ്യുന്നത് ദുബായിലും ഖത്തറിലുമായാണ്. കാരണം ആടുജീവിതം എന്ന നോവലിന്റെ പശ്ചാത്തലം തന്നെ ഗള്‍ഫാണ്. മറ്റനേകരെന്നപോലെ നജീബും ഭാഗ്യംതേടിയാണ് മണലാരണ്യത്തിലേക്ക് എത്തിയത്. പക്ഷേ അവിടെ അയാളെ കാത്തിരുന്നത് മരുഭൂമിയിലെ അതിതീക്ഷ്ണമായ പരീക്ഷണങ്ങളായിരുന്നു.

എല്ലാറ്റിനെയും അതിജീവിച്ച് നജീബ് നാട്ടില്‍ തിരിച്ചെത്തുന്നതാണ് ആടുജീവിതത്തിന്റെ പ്രമേയം. ഒറ്റവാക്കില്‍ ഒതുക്കാവുന്ന ആടുജീവിതത്തിന്റെ കഥാഘടന ഇതാണെങ്കിലും അതിസങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ ഈ നോവല്‍ തുറന്നിടുണ്ട്. ‘എന്നെ വിസ്മയിപ്പിച്ച മലയാളനോവലെന്ന്’ എം. മുകുന്ദന്‍ പോലും വിശേഷിപ്പിച്ച ആടുജീവിതത്തെ സിനിമയാക്കുമ്പോള്‍ ബ്ലെസിയേയും കാത്തിരിക്കുന്നത് ശക്തമായ വെല്ലുവിളികളാണ്. ബ്ലെസി ആടുജീവിതത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി.

ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടരമണിക്കൂറിലേറെ ദൈര്‍ഘ്യം സിനിമയ്ക്ക് ഉണ്ടാകുമെന്ന് ബ്ലെസി പറഞ്ഞു. അതൊന്നുകൂടി ഡ്രിം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. പൃഥ്വിയാണ് ഇപ്പോള്‍ ആടുജീവിതത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട ഏകതാരം. അനവധി താരങ്ങള്‍ വേറെയുമുണ്ട്. ബോളിവുഡ്ഡില്‍ നിന്നും അറബിയില്‍നിന്നുമൊക്കെ താരങ്ങളെ പ്രതീക്ഷിക്കാമെന്നാണ് ബ്ലെസി പറയുന്നത്. പക്ഷേ തന്നോടൊപ്പം സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രധാനികളുടെ പേരുവിവരം ബ്ലെസി പുറത്തുവിട്ടു.

ഒരാള്‍ ക്യാമറാമാന്‍ കെ.യു. മോഹനനും മറ്റൊരാള്‍ കലാസംവിധായകന്‍ സുനില്‍ബാബുവുമാണ്. നവംബറില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെങ്കിലും അത് പൂര്‍ത്തിയാകാന്‍ പല ഷെഡ്യൂളുകള്‍ വേണ്ടിവരും. പൃഥ്വിയുടെ തിരക്കുകള്‍ തന്നെയാണ് അതിന് പ്രധാനകാരണം.