സുധീരന്റെ രാജി ജയ്ഹിന്ദിലെ തീവെട്ടികള്‍ ആഗ്രഹിച്ചത്

 

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയില്‍ നിന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ ചാനല്‍ തലപ്പത്തെ തീവെട്ടികള്‍. ചാനലിലെ ഉന്നതരും എം.ഡി എം.എം ഹസനും നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്ത ദിവൈഫൈറിപ്പോര്‍ട്ടര്‍ പുറത്തുവിട്ടതിന് പിന്നാലെ ഇന്നലെ നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിലാണ് സുധീരന്‍ രാജി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന്റെ പേരില്‍ ആരംഭിച്ച ചാനല്‍ തട്ടിപ്പുകാരുടെ കൂടാരമായി മാറിയതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് രാജി പ്രഖ്യാപിച്ചത്. അടുത്തിടെ ചാനലിന് വേണ്ടി സീരിയല്‍ നിര്‍മ്മിച്ച് കടക്കെണിയിലായ ശ്രീകുമാരന്‍തമ്പി, താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദി എം.എം ഹസനും വി.എം സുധീരനുമായിരിക്കുമെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിക്ക് കെ.പി.സി.സിയുടെ ഫണ്ടില്‍നിന്ന് പണം നല്‍കാന്‍ സുധീരന്‍ നിര്‍ബന്ധിതനായിരുന്നു. നിലവില്‍ ചാനലിന്റെ പ്രവര്‍ത്തനത്തില്‍ ഒരു റോളുമില്ലാത്ത താന്‍ ഹസനും ചാനല്‍ തലപ്പത്തുള്ള ഉന്നതരും നടത്തുന്ന തട്ടിപ്പുകളുടെ ഉത്തരവാദിത്തം ഏല്‍ക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് കുട പിടിച്ച് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടേണ്ടെന്ന നിലപാടിലായിരുന്നു സുധീരന്റെ രാജി.

അതേസമയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള കെ.പി.സി.സി അധ്യക്ഷന്റെ രാജി ചാനലിലെ തീവെട്ടികളെ കൂടുതല്‍ സുരക്ഷിതരാക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിലവിലെ കമ്പനി വ്യവസ്ഥകളനുസരിച്ച് കെ.പി.സി.സി അധ്യക്ഷനാണ് ചാനലിന്റെ ചെയര്‍മാന്‍. എന്നാല്‍ ചാനലിലെ തട്ടിപ്പുകള്‍ ചോദ്യം ചെയ്തതും  നടത്തിയിരുന്ന വിദേശ പിരിവ് അവസാനിപ്പിച്ചതുമാണ് സുധീരനെ തീവെട്ടികളുടെ എതിരാളിയാക്കിയത്. ഇതിനിടെ ചാനലില്‍നിന്ന് സുധീരനെ പുകച്ച് ചാടിക്കാന്‍നീക്കം നടത്തിയെങ്കിലും കെ.പി.സി.സി അധ്യക്ഷന്‍ ചാനല്‍  ചെയര്‍മാനായിരിക്കുമെന്ന ചട്ടം വെല്ലുവിളിയായി.

അടുത്തിടെ ചാനലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും പൂട്ടിയിടലിന്റെ അവസ്ഥയിലെത്തുകയും ചെയ്തു. അതേസമയം ചാനല്‍ പൂട്ടിപ്പോയാല്‍ തട്ടിപ്പുകള്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യക്തമായതോടെ തീവെട്ടി സംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനിടെ സി.ഇ.ഒ കെ.പി  മോഹനന്റെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇന്ദുകുമാറിന്റെയും പരിചയത്തിലുള്ള പ്രവാസി വ്യാവസായികള്‍ പണം മുടക്കാന്‍ സമ്മതമറിയിച്ചു. ഈ വ്യവസായികള്‍ക്ക് ലീഗുമായി ബന്ധമുള്ളതിനാല്‍ ചാനലിനെ കെ.പി.സി.സിയില്‍നിന്ന് മുക്തമാക്കാന്‍ ഇതുതന്നെ അവസരമെന്ന് തീവെട്ടി സംഘവും കരുതി. ഇതിന്റെ ഭാഗമായി ചാനലില്‍ മുസ്ലീംലീഗ് പണം മുടക്കുമെന്നും സുധീരന്‍ സ്ഥാനമൊഴിയണമെന്നതാണ് അവരുടെ ആവശ്യമെന്നും ഈ സംഘം പ്രചരിപ്പിച്ചു.

ചാനലിനെ സാമ്പത്തികമായി സഹായിക്കാന്‍ തക്ക അവസ്ഥയിലല്ലാത്ത കെ.പി.സി.സി പുറത്തുനിന്നുള്ള സഹായത്തെ എതിര്‍ക്കില്ലെന്ന് മനസിലാക്കിയ സംഘം സുധീരന്‍  മാറണമെന്ന ആവശ്യം പുതിയ നിക്ഷേപകരുടേതെന്ന തരത്തില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ കത്ത് ചര്‍ച്ചായായതും തീവെട്ടി സംഘത്തിന്റെ തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്ത വൈഫൈറിപ്പോര്‍ട്ടര്‍ പുറത്തുവിട്ടതും. ഈ സാഹചര്യത്തിലാണ് ചാനല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കുമാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ സുധീരന്‍ രാജി പ്രഖ്യാപിച്ചത്.

സുധീരന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ . കെ.പി.സി.സി പ്രസിഡന്റ് ചാനലിന്റെ ചെയര്‍മാന്‍ ആകണമെന്ന ചട്ടം ഭേദഗതി ചെയ്യാനുള്ള തിരക്കിലാണ് ചാനല്‍ മേധാവികള്‍. ഇത്തരത്തില്‍ ചെയര്‍മാനായി മറ്റാരെയെങ്കിലും പ്രതിഷ്ഠിച്ച് തട്ടിപ്പ് തുടരാനാണ് തീവെട്ടികളുടെ തീരുമാനം.

അതേസമയം നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററെ മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ശക്തമായിട്ടുണ്ട്.