എന്‍ പ്രശാന്തിനോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി- രമേശ് ചെന്നിത്തല

പൂന്തുറ: ട്രോളര്‍ നിര്‍മാണ കരാറില്‍ കെ.എസ്.ഐ.ഡി.സി എന്‍.പ്രശാന്തിനെ സംരക്ഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ എം.ഡിക്ക് 3000 കോടി രൂപയുടെ ട്രോളര്‍ കരാര്‍ ഒപ്പുവെക്കാനാവില്ലെന്നും പ്രശാന്തുമായി താന്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്നും ചെന്നിത്തല പറഞ്ഞു.

‘പ്രശാന്തുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അയാള്‍ എന്നോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ലാതെ അയാള്‍ക്ക് എങ്ങനെ ഒപ്പിടാന്‍ കഴിയും?’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇഎംസിസി കമ്പനി അധികൃതര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇഎംസിസിയുടെ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കി നല്‍കിയത്. 2950 കോടി രൂപയുടെ ധാരണാപത്രം ഉണ്ടായതായി അറിയാത്ത മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന ആരോപണവും രമേശ് ചെന്നിത്തല ഉന്നയിച്ചു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയില്‍ സത്യാഗ്രസമരം നടത്തവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം, ഇഎംസിസി കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മത്സ്യനയത്തിലെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുളള 2, 9 വ്യവസ്ഥകള്‍ നീക്കണം. ഇഎംസിസിക്ക് പളളിപ്പുറത്ത് അനുവദിച്ച ഭൂമി റദ്ദാക്കണം തുടങ്ങി നാല് ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചിരിക്കുന്നത്.