ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

മൂന്ന് വാഹനങ്ങളിലായി 11 പേരാണ് എസ്റ്റേറ്റ് കൊള്ളയടിച്ചത്

ജയലളിതയുടെയും ശശികലയുടെയും മുറികള്‍ മാത്രം ലക്ഷ്യം

മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിയുന്നു. ജയലളിതയുടെ വില്‍പത്രം തേടിയാണ് മോഷ്ടാക്കൾ അവിടെയെത്തിയതെന്നാണ് പ്രതികളിലൊരാളെന്നു സംശയിക്കുന്ന കെവി സയനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴി. മൂന്ന് വാഹനങ്ങളിലായ 11 പേരാണ് ഇതിനായി അവിടെയെത്തിയത്. മോഷണശ്രമം തടയുന്നതിനിടെയാണ് എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശിയായ ഓം ബഹാദൂര്‍ താപ്പ കൊല്ലപ്പെട്ടത്.

ജയലളിതയും ഇപ്പോള്‍ ജയിലിലുള്ള ശശികലയും താമസിച്ചിരുന്ന മൂന്ന് മുറികളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. ഈ മുറികള്‍ മാത്രമേ ഇവര്‍ പരിശോധിച്ചിട്ടുള്ളു. മുറികളുടെ ജനാലകള്‍ തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും ചെയ്തിരുന്നു. മുറികളിലൊന്നില്‍ സൂക്ഷിച്ചിരുന്ന സ്യുട്ട്‌കേസില്‍ ജയലളിതയുടെ വില്‍പ്പത്രവും സൂക്ഷിച്ചിരുന്നതായാണ് എസ്‌റ്റേറ്റുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. സ്യൂട്ട്‌കേസിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സയന്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തില്‍ സയന്റെ ഭാര്യയും മകളും മരിച്ചിരുന്നു. മുഖ്യപ്രതി മറ്റൊരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ വാഹനാപകടങ്ങൾ പോലീസിനെ കുഴക്കിയിരുന്നെങ്കിലും സയന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിക്കാവുന്ന ആരോഗ്യനിലയിലല്ല സയനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ കനകരാജ് സേലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ വെള്ളിയാഴ്ച രാത്രി 11.30നാണ് മരിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചരയോടെ സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. വില്‍പ്പത്രവും മറ്റ് സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ക്കും വേണ്ടിയാണ് എസ്‌റ്റേറ്റില്‍ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇതോടെ കേസിൽ ഉന്നതബന്ധം ഉണ്ടാകാമെന്ന സംശയമാണ് ബലപ്പെടുന്നത്.