ചിന്നമ്മയ്ക്ക് മുഖ്യമന്ത്രിയാകാന്‍ തടസ്സങ്ങളേറെ; നേതാവ് മരിച്ചാല്‍ അധികാരത്തിനായുള്ള അടിപിടി ആവര്‍ത്തിച്ച് തമിഴ് രാഷ്ട്രീയം

എളുപ്പത്തില്‍ അധികാര സ്ഥാനത്തെത്താം എന്ന ശശികലയുടെ സ്വപ്നം ഓരോ ദിവസവും അപ്രാപ്യമായി കൊണ്ടിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി വിധിയായിരുന്നു ഇന്നലെ വരെ ശശികലയെ പേടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെമാറി. പാര്‍ട്ടിക്കുള്ളില്‍ തന്നെ ശശികലയ്ക്കെതിരെ ശബ്ദങ്ങള്‍ പരസ്യമായി ഉയര്‍ന്നു തുടങ്ങി. പാര്‍ട്ടി വിടാനുറച്ച്് നില്‍ക്കുകയാണ് നാല്പ്പതോളം എം.എല്‍.എമാര്‍. ഇവര്‍ എതിര്‍പാളയമായ ഡിഎംകെയില്‍ എത്തുമെന്നാണ് സൂചന. അണികള്‍ക്കിടയിലും ഈ മുറുമുറുപ്പ് പരസ്യമായി കഴിഞ്ഞു. ജയലളിതയ്ക്ക് അണികള്‍ക്കിടയിലുള്ള സ്വാധീനത്തിന്റെ ഒരംശം പോലും ശശികലയ്ക്ക് അവകാശപ്പെടാനില്ല. ജയയുടെ തോഴി എന്ന ഏക യോഗ്യതയാണ് ശശികലയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലെത്താനുള്ളത്. ഇത്ര തിരക്കിട്ടു മാറ്റാന്‍ ഒ.പനീര്‍സെല്‍വം എന്തു വീഴ്ചയാണു വരുത്തിയതെന്ന ചോദ്യത്തിനും മറുപടിയില്ല.

ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യന്‍ രംഗത്തെത്തിയത്. ജയയുടെ മരണത്തിനു പിന്നില്‍ ശശികലയ്ക്ക് പങ്കുണ്ടെന്നാണ് പാണ്ഡ്യന്‍ പറയാതെ പറയുന്നത്. വീട്ടില്‍ വച്ച് ജയലളിതയും ശശികലയുമായി വാക്കേറ്റമുണ്ടായി. ജയലളിതയെ പിന്നില്‍ നിന്നു ആരോ

തള്ളിയിടുകയായിരുന്നുവെന്നും പാണ്ഡ്യന്‍ ആരോപിച്ചു. ശശികലയെ മുഖ്യമന്ത്രിയാക്കരുതെന്ന് തന്നോട് ജയലളിത പറഞ്ഞതായും പാണ്ഡ്യന്‍ അവകാശപ്പെടുന്നുണ്ട്.

പാണ്ഡ്യന്റെ പ്രതിഷേധം ഇന്ന് ഒറ്റപെട്ടതാണെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആരോപണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്നുറപ്പാണ്.

പൊതുജനങ്ങള്‍ക്കിടയിലും ശശികലയെ വേണ്ട എന്ന അഭിപ്രായത്തിന് പിന്തുണയേറുകയാണ്. നിരത്തിലിറങ്ങി പ്രതിഷേധം നടത്തുന്നതരത്തിലേക്ക് പ്രതിഷേധം ഉയരും.

ഞായറാഴ്ച്ചയാണ് ശശികലയെ എ.ഐ.എ.ഡി.എം.കെ യോഗം നിയമസഭാകക്ഷി നേതാവായി തയാറെടുത്തത്. അതിനു മുന്നേ തന്നെ അവര്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരുന്നു. ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികലയുടെ ബന്ധുക്കള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതും ഇതോടെയാണ്. ഇന്ന് സത്യപ്രതിജ്ഞ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞതും. എന്നാല്‍ ഗവര്‍ണര്‍ പിന്‍മാറിയതോടെയാണ് ഇന്ന് ചടങ്ങ് നടക്കാതിരുന്നത്. അവസാന നിമിഷത്തിലുള്ള ഗവര്‍ണറുടെ നടപടിയില്‍ എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ പകച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് നിര്‍ണായകമാകും.

തമിഴ്നാട്ടിലെ അധികാരകൈമാറ്റം എപ്പോഴും തര്‍ക്കത്തിലും കലഹത്തിലുമാണ് അവസാനിക്കാറാണ്. പ്രത്യേകിച്ചും നേതാവ് മരിച്ച ശേഷം പിന്‍ഗാമിയെ കണ്ടെത്തുന്നതില്‍. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. എം.ജി.ആര്‍ മരിച്ച ശേഷം അധികാരത്തിനായി ജയലളിതയും ജാനകി രാമനും തമ്മിലുള്ള തര്‍ക്കവും ജയലളിതയെ എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്നും തള്ളി വീഴ്ത്തിയതുമെല്ലാം ചരിത്രമാണ്്. എതിര്‍ കക്ഷിയായ ഡി.എം.കെ നേതാവ് കരുണനിധിയുടെ രണ്ടു മക്കള്‍ തമ്മില്‍ പിരിഞ്ഞതും ഇതേ അധികാര തര്‍ക്കത്തിന്റെ പേരില്‍ തന്നെയാണ്.