ഫേസ്ബുക്ക് എന്ന വാരിക്കുഴിയില്‍ വീണുപോയ കുടുംബം

നിങ്ങളുടെ മക്കള്‍ ഫെയ്‌സ്ബുക്കില്‍ സദാസമയം ചെലവഴിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? . നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ ജയിലില്‍ ആയേക്കാം, സൂക്ഷിക്കുക. നിങ്ങളുടെ കുടുംബം തന്നെ അകത്താവാം.

അത്തരമൊരു സംഭവ കഥയാണ് കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയായ രാമകൃഷ്ണന് പറയാനുള്ളത്. ഫെയ്‌സ്ബുക്കില്‍ ഇളയമകന്‍ നടത്തിയ വിവേകരഹിതമായ ഇടപെടല്‍ മൂലം കുടുംബവും ജീവിതവും പിടിവിട്ടു പോയ ഹതഭാഗ്യനാണ് ഇദ്ദേഹം. ചരടുപൊട്ടിയ പട്ടം പോലെ ഈ പിതാവ് ഇന്ന് വട്ടം കറങ്ങുകയാണ്.

സാമ്പത്തികമായി വളരെ പരാധീനതകള്‍ നിറഞ്ഞ ജീവിതാന്തരീക്ഷമായിരുന്ന രാമകൃഷ്ണന്റേത്. പക്ഷേ ഈ പരാധീനതകള്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാന്‍ മനസ്സിലാത്ത വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. അങ്ങനെ ഒരുനാള്‍ സൗദി അറേബ്യയിലേക്ക് തൊഴില്‍ തേടി പോകാന്‍ ഒരവസരം കിട്ടി. അവിടെ ദമാമില്‍ ഒരു പണികിട്ടി. മെല്ലെ ജീവിതം പച്ച പിടിച്ചു. നാട്ടില്‍ വീടായി. അത്യാവശ്യം സമ്പാദ്യമായി. വസ്തുവിലും കെട്ടിടങ്ങളിലുമായി അയാള്‍ തന്റെ നിക്ഷേപങ്ങള്‍ ബുദ്ധിപരമായി പടുതുയര്‍ത്തി. സംതൃപ്തമായ കുടുംബ ജീവിതം, രണ്ടു മക്കള്‍, ഇതിലേറെ സന്തോഷിക്കാന്‍ ഇനിയെന്തുവേണം എന്ന ചിന്തയായിരുന്നു രാമകൃഷ്ണന്.

വിദേശത്തായിരുന്നെങ്കിലും മക്കളുടെ ക്ഷേമത്തിലും പഠനത്തിലും അതീവ ശ്രദ്ധാലുവായിരുന്നു രാമകൃഷ്ണന്‍. പഠനത്തില്‍ മക്കളായ രഞ്ജിത്തും രമേശും സാമാന്യം ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു.

തനിക്ക് അത്യാവശ്യത്തിനുള്ള പണം സമ്പാദിച്ചു എന്ന തോന്നല്‍ ശക്തമായതോടെ ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ തീരുമാനിച്ച് നാട്ടിലെത്തി. നാട്ടിലെത്തിയിട്ടും വെറുതെ ഇരിക്കാന്‍ രാമകൃഷ്ണന്‍ തയ്യാറല്ലായിരുന്നു. പറമ്പിലും പാടത്തുമൊക്കെ നന്നായി അധ്വാനിച്ചു. പക്ഷേ, തന്നേക്കാള്‍ വളര്‍ന്ന മക്കളുടെ ഇടപാടുകളെക്കുറിച്ച് അറിയാന്‍ ഈ പാവം മനുഷ്യന്‍ ശ്രമിച്ചില്ല, ശ്രദ്ധിച്ചുമില്ല.

അങ്ങനെ ഒരുനാള്‍ ആ ദുരന്തം ഇടിത്തീ പോലെ രാമകൃഷ്ണന്റെ കുടുംബത്തിനു മേല്‍ വന്നു ഭവിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഇളയമകന്‍ രഞ്ജിത്ത് ഒരു ദിവസം കൊല്ലത്തിനടുത്ത കേരളപുരം സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ കൂടെ ഒളിച്ചോടിപ്പോയി. എട്ടാംക്ലാസില്‍ പഠിക്കുന്ന 14-കാരിയായ പെണ്‍കുട്ടിയായിരുന്നു രഞ്ജിത്തിനൊപ്പം ഒളിച്ചോടിയ കഥാപാത്രം.

രഞ്ജിത്ത് ഫെയ്‌സ്ബുക്കിലൂടെയാണ് അവളെ പരിചയപ്പെട്ടത്. പ്രണയം വളര്‍ന്ന് ഒരുമിച്ചു താമസിക്കാനും ഒളിച്ചോടാനുമുള്ള ഘട്ടമെത്തി. ഇതൊന്നും അവന്‍െറ വീട്ടുകാരോ മാതാപിതാക്കളോ അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായ വിവരം അവളുടെ വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. വീട്ടുകാര്‍ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയി. പക്ഷേ, രഞ്ജിത്തിന്റെയും രാമകൃഷ്ണന്റെയും പ്രശ്‌നങ്ങള്‍ അതോടെ ആരംഭിച്ചു. കുടുംബത്തിന്റെ നാരായവേരറുക്കുന്ന സ്ഥിതിയിലെത്തിച്ചു. കഴുകന്മാരായ പോലീസുകാര്‍ ഈ കുടുംബത്തെ കുത്തുപാളയെടുപ്പിച്ചു.

പെണ്‍കുട്ടിയെ കാണാതായ വിവരം പോലീസില്‍ അറിയിച്ചതോടെ ഒരു ദിവസം പാത്രിരാത്രിയില്‍ വീടുവളഞ്ഞ് രാമകൃഷ്ണന്റെ രണ്ടു മക്കളേയും പിടിച്ചു കൊണ്ടു പോയി. ഒളിച്ചോട്ടത്തില്‍ കാര്യമായ പങ്കില്ലാത്ത മൂത്തമകനെ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുശേഷം വിട്ടയച്ചു. പെണ്‍കുട്ടി സ്വമനസ്സാലെ ഇറങ്ങി വന്നതാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ പേരില്‍ രഞ്ജിത്തിനെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് അകത്താക്കി. 40 ദിവസം ഈ പാവം ചെറുപ്പക്കാരന്‍ ജയിലില്‍ കിടക്കേണ്ടി വന്നു. പ്രമുഖരായ രണ്ട് വക്കീലന്മാരെ ഇടപെടുത്തിയാണ് രഞ്ജിത്തിനെ ജാമ്യത്തിലിറക്കിയത്.

സംഭവം നടന്നിട്ട് ഇപ്പോള്‍ രണ്ടര വര്‍ഷമാകുന്നു. പോലീസിതു വരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. എല്ലാമാസവും രാമകൃഷ്ണനും മകനും കോടതിയില്‍ പോകും. ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകയാണ്. ഓരോ തവണ കേസ് മാറ്റിവെയ്ക്കുമ്പോഴും വക്കീലിന് കനത്ത തുക ഫീസായി കൊടുക്കേണ്ടി വരുന്നു.

തന്റെ പേരിലുണ്ടായിരുന്ന മൂന്ന് വസ്തുക്കള്‍ കേസിന്റെ ആവശ്യത്തിനായി ഇതിനോടകം വിറ്റുതുലച്ചു. മകനെ രക്ഷിക്കാനായി ലക്ഷങ്ങളാണ് പോലീസിന് കൈക്കൂലിയായി നല്‍കിയത്. സമ്പാദ്യമെല്ലാം വിറ്റു തുലച്ചു. വീടും അതുള്‍പ്പെടുന്ന പുരയിടവും മാത്രമായി അവശേഷിച്ചു. ഇതും വില്‍ക്കേണ്ട സ്ഥിതിയിലാണ്.

പഠിത്തം നഷ്ടപ്പെട്ട രഞ്ജിത്ത് ലക്ഷ്യമില്ലാതെ വീട്ടിലിരിക്കുന്നു. കുടുംബം പുലര്‍ത്താന്‍ നിസ്സഹായനായ പിതാവ് വീണ്ടും കൂലിപ്പണിക്ക് ഇറങ്ങിയിരിക്കുകയാണ്. കൂലിവേലയ്ക്ക് പോകുന്നതോടൊപ്പം ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തുന്നത്.

ഫെയ്‌സ്ബുക്ക് എന്ന വില്ലന്‍ നിമിത്തം കുടുംബവും ജീവിതവും ചിന്നിച്ചിതറിപ്പോയ നിസ്സഹായനായ ഈ പിതാവിന്റെ കണ്ണീര്‍ കാണാതെ പോകരുത്.

ഭൗതിക സൗകര്യങ്ങള്‍ മക്കള്‍ക്ക് ആവശ്യത്തിലധികം നല്‍കുന്നതല്ല, മറിച്ച് അവരെക്കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ബോധ്യങ്ങളാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നതെന്ന് രാമകൃഷ്ണന്‍ പറയുന്നു.

(കടപ്പാട് – പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ എ.ജെ. ഫിലിപ്പിന്‍െറ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്)