ഹൈക്കമാന്‍ഡിന്റെ വെടിനിര്‍ത്തല്‍ വെറുതെയാകും; കടുത്ത നിലപാടുമായി എ ഗ്രൂപ്പ്

സംഘടന തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഡി.സി.സി പുനസംഘടനയില്‍ സഹകരിക്കില്ല

മുകുള്‍ വാസ്‌നിക്കിനെ എ ഗ്രൂപ്പ് എം.പിമാര്‍ നിലപാടറിയിച്ചു; വാസ്‌നിക്കിനെ കണ്ടത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം

-എബി ജോണ്‍-

കൊച്ചി: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാകില്ല. പി.സി.സി.അധ്യക്ഷ സ്ഥാനത്തുനിന്നും വി.എം. സുധീരനെ മാറ്റാതെ യാതൊരുവിധ വിട്ടുവീഴ്ചയും വേണ്ടെന്ന് എ ഗ്രൂപ്പ് തീരുമാനിച്ചു. ഇതിനായി സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. ഇന്നലെ ഡല്‍ഹിയില്‍ എ ഗ്രൂപ്പ് എം.പിമാരാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കണ്ട് ഇക്കാര്യം അറിയിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എം.പിമാര്‍ വാസ്‌നിക്കിനെ കണ്ടത്. കേരളത്തിലെ കോണ്‍ഗ്രസിനുളളിലുണ്ടായ പൊട്ടിത്തെറിയുടെ വിശദാംശങ്ങള്‍ ഇവര്‍ അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പു മാത്രമാണ് പ്രശ്‌നപരിഹാരത്തിനുളള ഏക മാര്‍ഗമെന്ന നിര്‍ദേശമാണ് എം.പിമാര്‍ മുകള്‍ വസ്‌നിക്കിന് മുന്നില്‍ വെച്ചത്. സുധീരന്റെ കടുംപിടുത്തമാണ് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള അവസരം ഇല്ലാതാക്കിയതെന്നാണ് എ ഗ്രൂപ്പിലെ നേതാക്കളുടെ ആരോപണം. യു.ഡി.എഫ് ഭരണത്തില്‍ പ്രതിപക്ഷ ശബ്ദമാകാന്‍ കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ ശ്രമിച്ചത് കെ.പി.സി.സി. പ്രസിഡന്റിന്റെ അറിവോടെയായിരുന്നു. ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ തയാറാകാതിരുന്നത്.

പരാജയത്തിന്റെ തുല്യ ഉത്തരവാദിത്വം സര്‍ക്കാരിനൊപ്പം പാര്‍ട്ടിക്കുമുണ്ടെന്നും അതിനാല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് സുധീരനും മാറി നില്‍ക്കണമായിരുന്നുവെന്ന അഭിപ്രായവും എം.പിമാര്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് ഏകപക്ഷീയ തീരുമാനം തുടര്‍ന്നാല്‍ ഡി.സി.സി പുനസംഘടനയോട് സഹകരിക്കില്ലെന്നും എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ വി.എം.സുധീരനൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായ എ.കെ. ആന്റണിയുടെ പിന്തുണയും സുധീരനുണ്ട്. അതുകൊണ്ടു തന്നെ കെ.പി.സി.സി. അദ്ധ്യക്ഷ പദവിയില്‍ നിന്നും സുധീരനെ വേഗത്തില്‍ ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ സുധീരന് അത് അനുകൂലമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലം തലത്തില്‍ മുതല്‍ പാര്‍ട്ടിയേയും ഗ്രൂപ്പിനെയും ശക്തിപ്പെടുത്തി വരികയാണ് ഉമ്മന്‍ചാണ്ടി.

അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ പ്രാമുഖ്യം നേടാന്‍ കഴിയുമെന്നാണ് എ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. വി.എം സുധീരനോട് ഐ ഗ്രൂപ്പിനും താല്‍പര്യമില്ലാത്തത് സുധീരനെതിരായ ഘടകമാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഈ ആവശ്യം തളളാന്‍ ഹൈക്കമാന്‍ഡിനും കഴിയില്ല. ദേശീയ തലത്തില്‍ പാടേ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ അല്‍പമെങ്കിലും പിടിച്ചു നിര്‍ത്തുന്നത് കേരളം ഉള്‍പ്പടെയുളള ചില സംസ്ഥാനങ്ങള്‍ മാത്രമാണ്. അതിനാല്‍ തന്നെ കേരളത്തിലെ പാര്‍ട്ടിയ്ക്കുളളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.