എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ: പാഠഭാഗം ഒഴിവാക്കല്‍ പരിഗണനയില്‍

sslc exam syllabus

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതു പരിഗണിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ അറിയിച്ചു. ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതില്‍ ഉചിതമായതു തിരഞ്ഞെടുക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.

മറ്റു ക്ലാസുകള്‍ തുടങ്ങുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ക്യു.ഐ.പി. യോഗം ചര്‍ച്ചചെയ്തില്ല. അടുത്തമാസം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിത്തുടങ്ങുന്നതോടെ ഓരോ കുട്ടിയുമായും വ്യക്തിപരമായി അധ്യാപകര്‍ ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണം. ഡി.എല്‍.എഡിന്റെ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം രൂപവത്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.