ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്

    അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി. സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സര്‍ദാര്‍ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

    പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി സി സി ഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബര്‍ മതി നദിക്കരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്ഥിതി ചെയ്യുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുകയായിരുന്നു.

    1.10 ലക്ഷം പേര്‍ക്കുളള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയില്‍. 90000 പേര്‍ക്ക് ഇരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തില്‍ മൊട്ടേര പിന്നിലാക്കിയത്. 1982ലാണ് സ്റ്റേഡിയം നിര്‍മിച്ചത്. പുതുക്കി പണിതത് 2019ലും. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയില്‍. 2020 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയായി.