മതാന്ധതയില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊല്ലണമെന്ന്? പറയുന്ന രാഷ്ട്രീയമല്ല എന്റേത്’; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എ.എം ആരിഫ്

    ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എ എം ആരിഫ് എം പി. എം പിയായ ആരിഫിന്റെ എല്ലാ സംരക്ഷണവും പിന്തുണയും ലഭിക്കുന്നവരാണ് ആലപ്പുഴയിലെ എസ് ?ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്മാരെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കേരളത്തില്‍ ഇസ്ലാമിക് ഖാലിഫൈറ്റ് സ്ഥാപിക്കാനുളള പോപ്പുലര്‍ ഫ്രണ്ടിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. സംസ്ഥാന പൊലീസിന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ജിഹാദി ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും സന്ദീപ്‌വാര്യര്‍ ഫേസ്?ബുക്കില്‍ കുറിച്ചു.

    ഇതിനു മറുപടിയുമായാണ് ആരിഫ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തോളമായി ആലപ്പുഴയുടെ മണ്ണില്‍ ചുവന്ന കൊടിയേന്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവര്‍ത്തകനാണ് താനെന്നും ആലപ്പുഴയിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു. മതാന്ധതയില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല തന്റേതെന്നും ആരിഫ് പറഞ്ഞു.

    സ്വന്തം പ്രവര്‍ത്തകനെ എതിരാളികള്‍ കൊലപ്പെടുത്തിയ കേസ് ഒത്തുതീര്‍പ്പാക്കുക വഴി കിട്ടിയ കോടികള്‍ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തല്‍പ്പരതയല്ല തന്നെ നയിക്കുന്നത്. കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരുവരി പരാമര്‍ശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുളള ഒരാള്‍ക്ക് ഇത് മനസിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.