സി.പി.എം-ബി.ജെ.പി ഡീല്‍ മൂന്ന് മണ്ഡലങ്ങളില്‍ ഒതുങ്ങില്ല: ചെന്നിത്തല

    തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആര്‍.എസ്.എസ്സിന്റെ ഉന്നത നേതാവ് ആര്‍. ബാലശങ്കര്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം-ബി.ജെ.പി രഹസ്യധാരണയെന്ന് യു.ഡി.എഫ് നേരത്തെ പറഞ്ഞകാര്യം ആര്‍.എസ്.സ്. നേതാവ് ബാലശങ്കര്‍ ശരിവച്ചിരിക്കുകയാണ്. സീറ്റു കിട്ടാത്തതിന്റെ നിരാശയില്‍ ഒരാള്‍ പറയുന്നതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയുന്ന കാര്യമല്ല. ബാലശങ്കര്‍ ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികനാണ്. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറുടെ മുന്‍ പത്രാധിപരാണ്. അങ്ങനെ ഒരു വ്യക്തിയാണ് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇത്  ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

    ബാലശങ്കര്‍ പറഞ്ഞതിന് ഒരു തിരുത്തുണ്ട്. വോട്ടു കച്ചവടം ചെങ്ങന്നൂരിലും ആറന്മുളയിലും കോന്നിയിലും മാത്രമല്ല സംസ്ഥാനത്തുടനീളമുണ്ട്.  ബി.ജെ.പിയെ എത്ര മണ്ഡലങ്ങളില്‍ ജയിപ്പിക്കാന്‍ സി.പി.എം കരാര്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം. അത് പോലെ എത്ര മണ്ഡലങ്ങളില്‍ തിരിച്ച് സി.പി.എമ്മിന് വോട്ടു കൊടുക്കാന്‍ ബി.ജെ.പി. കരാര്‍ എടുത്തിട്ടുണ്ടെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ സുരേന്ദ്രനും വെളിപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

    യു.ഡി.എഫിനെ എങ്ങനെയും തറപറ്റിച്ച് ഒരു പ്രാവശ്യം കൂടി അധികാരത്തില്‍ തുടരുക എന്നതാണ് പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം.  നേരിയ വോട്ടു വ്യത്യാസത്തില്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം സഹായിച്ചാല്‍ അവര്‍ക്ക്  ജയിക്കാനാവും എന്നാണ് അവര്‍ സ്വപ്നം കാണുന്നത്. ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയും നേടാം, ബി.ജെ.പി.ക്ക് കൂടുതല്‍ സീറ്റും കിട്ടും എന്നതാണ് ഈ കച്ചവടത്തിന്റെ നേട്ടമായി ഇരുവരും കാണുന്നത്. സി.പി.എമ്മിന്റെത് അപകടകരമായ കളിയാണ്. അത് അവരുടെ അന്ത്യത്തിന്  വഴിവയ്ക്കും.

    ഈ കള്ളക്കൂട്ടുക്കെട്ടിന്റെ  ലക്ഷണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി പോയത് അത് കാരണമാണ്. ലാവ്ലിന്‍ കേസ് അന്തമമായി നീട്ടി വയ്ക്കപ്പെടുന്നതും യാദൃച്ഛികമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയോ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം പറയാതിരുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ്.

    തിരുവനന്തപുരത്ത് വന്ന അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ കേട്ടാന്‍ ആരും ചിരിച്ചുപോവും. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ചോദിച്ചത്. അത് പോലെ അമിത്ഷായെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കുറേ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയും ചോദിച്ചു. രണ്ടുപേരും ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും ചെന്നത്തല പറഞ്ഞു.